പ്രകാശ് രാജിന്റെ ആ പ്രവൃത്തി കാരണം ഉണ്ടായത് ഒരു കോടിയുടെ നഷ്ടം; രൂക്ഷ പ്രതികരണവുമായി നിർമാതാവ്

Oct 7, 2024 - 16:41
 0  3
പ്രകാശ് രാജിന്റെ ആ പ്രവൃത്തി കാരണം ഉണ്ടായത് ഒരു കോടിയുടെ നഷ്ടം; രൂക്ഷ പ്രതികരണവുമായി    നിർമാതാവ്

നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് വിനോദ് കുമാര്‍. നാല് ദിവസം നീണ്ടു നിൽക്കുന്ന ഷെഡ്യൂൾ ചിത്രീകരിക്കാനിരിക്കവേ സിനിമാ സംഘത്തെ അറിയിക്കാതെ സെറ്റില്‍ നിന്ന് പ്രകാശ് രാജ് ഇറങ്ങിപ്പോയെന്നും അത് കാരണം തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് നിർമാതാവായ വിനോദ് കുമാറിന്റെ ആരോപണം. പ്രകാശ് രാജ് എക്‌സില്‍ പങ്കുവെച്ച ചിത്രം റി ട്വീറ്റ് ചെയ്തുകൊണ്ടാണ് വിനോദ് കുമാർ പ്രകാശ് രാജിനെതിരെ രംഗത്തെത്തിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പമുള്ള ചിത്രമാണ് പ്രകാശ് രാജ് പങ്കുവെച്ചത്. 2024 സെപ്റ്റംബർ 30-നാണ് ഇത് സംഭവിച്ചതെന്നും ഏകദേശം 1000 ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടുന്ന നാല് ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഒരുങ്ങവെയാണ് പ്രകാശ് രാജിന്റെ ഈ പ്രവർത്തിയെന്നും വിനോദ് കുമാർ എക്സിൽ കുറിച്ചു. മറ്റൊരു പ്രൊഡക്ഷനില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ ആണ് അദ്ദേഹം തങ്ങളെ ഉപേക്ഷിച്ച് കാരവാനില്‍നിന്ന് ഇറങ്ങിപ്പോയതെന്നും പോസ്റ്റിൽ പറയുന്നു.

എന്തുചെയ്യണമെന്ന് അറിയാതെ ഒടുവിൽ തങ്ങൾക്ക് ഷെഡ്യൂള്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതുകാരണം വലിയ നഷ്ടമുണ്ടായി. ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രകാശ് രാജിന്റെ ഈ പ്രവർത്തി മൂലം തങ്ങൾക്ക് വന്നതെന്നും തന്നെ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ പ്രകാശ് രാജ് ആ വാക്ക് പാലിച്ചില്ലെന്നും വിനോദ് കുമാര്‍ ആരോപിച്ചു.

വിനോദ് കുമാറിൻ്റെ ആരോപണങ്ങളോട് ഇതുവരെ പ്രകാശ് രാജ് പ്രതികരിച്ചിട്ടില്ല. 2021ൽ പുറത്തിറങ്ങിയ വിശാൽ നായകനായ 'എനിമി' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും മുമ്പ് ഒന്നിച്ച് പ്രവർത്തിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow