ആ പഴയ ലാലേട്ടൻ തിരിച്ചു വരുന്നുവോ? തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻ ലാൽ
മോഹൻലാൽ നായകനായി അഭിനയിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ടാക്സിക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
ടാക്സി സ്റ്റാൻഡിൽ മറ്റ് ടാക്സി ഡ്രൈവർമാർക്കൊപ്പം നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കാറിൽ ചാരിനിന്നുകൊണ്ട് സുഹൃത്തുക്കളോടൊപ്പം പത്രം വായിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ‘ലളിതമായ ജീവിതവും എന്നും നിലനിൽക്കുന്ന ബന്ധങ്ങളുമായി യാത്ര മുന്നോട്ട്’ – എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മലയാളികളുടെ എവർഗ്രീൻ കോമ്പോയായ മോഹൻലാൽ- ശോഭന ജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.
പുതിയ പോസ്റ്ററിന് പിന്നാലെ കമന്റ് ബോക്സിൽ മോഹൻലാലിന് ആശംസാപ്രവാഹമാണ്. സന്മനസുള്ളവർക്ക് സമാധാനം, വരവേൽപ്, മിഥുനം തുടങ്ങിയ സിനിമകളിൽ കണ്ട മോഹൻലാലിനെ വീണ്ടും കാണാൻ സാധിച്ചുവെന്നാണ് ആരാധകർ പറയുന്നത്. ‘ഒരു ലാലേട്ടൻ ചിത്രത്തിലൂടെ 2025 തുടങ്ങട്ടെ, ഈ സിനിമ ഉറപ്പായും ഒരു വൻ വിജയം ആയിരിക്കും, തലമുറകളുടെ നായകൻ തുടരും, ആരൊക്കെ വന്നാലും പോയാലും ലാലേട്ടൻ ഒന്നാമനായി തന്നെ തുടരും’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
What's Your Reaction?