ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സുരേഷ് ഗോപി

Oct 31, 2024 - 19:50
 0  3
ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് സുരേഷ് ഗോപി

തൃശൂര്‍: തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ചില മാധ്യമങ്ങള്‍ തന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞത് സിനിമ ഡയലോഗായി എടുത്താല്‍ മതിയെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.

'ആരുടെയും അപ്പനു വിളിച്ചതല്ല. വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല', എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചേലക്കര ഉപതിരഞ്ഞടുപ്പ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപി 'ഒറ്റതന്ത' പ്രയോഗം നടത്തുന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

'പൂരം കലക്കല്‍ നല്ല ടാഗ് ലൈന്‍ ആണ്. പൂരം കലക്കലില്‍ സിബിഐയെ ക്ഷണിച്ചു വരുത്താന്‍ തയ്യാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവര്‍ അതിന് തയ്യാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടാന്‍ യോഗ്യരായി നില്‍ക്കേണ്ടി വരും', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം തൃശൂര്‍ പൂരം നടക്കുമ്പോള്‍ ആംബുലന്‍സില്‍ വന്നില്ലെന്ന പരാമര്‍ശവും അദ്ദേഹം തിരുത്തി. പൂരം നടക്കുമ്പോള്‍ കാലിന് സുഖമില്ലാത്തതിനാല്‍ ആംബുലന്‍സിലാണ് അവിടെ പോയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

'15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത്', എന്നായിരുന്നു സുരേഷ് ഗോപി ഇന്ന് നല്‍കിയ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow