സിനിമയിൽ നിന്നും അത്യാവശ്യം പൈസ കിട്ടിയപ്പോളും പൊട്ടിപൊളിഞ്ഞ വീട് നന്നാക്കാൻ അച്ഛൻ സമ്മതിച്ചില്ല; നിയമപരമായി നീതി വേണമായിരുന്നു, അർജുൻ അശോകൻ

Nov 11, 2024 - 19:22
 0  3
സിനിമയിൽ നിന്നും അത്യാവശ്യം പൈസ കിട്ടിയപ്പോളും പൊട്ടിപൊളിഞ്ഞ വീട് നന്നാക്കാൻ അച്ഛൻ സമ്മതിച്ചില്ല; നിയമപരമായി നീതി വേണമായിരുന്നു, അർജുൻ അശോകൻ

ആശിച്ച് മോഹിച്ച് നടൻ ഹരിശ്രീ അശോകൻ കൊച്ചിയിൽ വച്ച ‘പഞ്ചാബിഹൗസ്’ എന്ന വീടും ആ  വീടിന്റെ ഇപ്പോഴത്തെ ദുരവസ്ഥയുമെല്ലാം ഇപ്പോൾ മാധ്യമങ്ങളിലൂടെ പലർക്കുമറിയാം.  വീടിന്റെ നിർമാണത്തിൽ  വരുത്തിയ പിഴവിന്  നഷ്ടപരിഹാരമായി  17.83 ലക്ഷം രൂപ  നൽകാൻ അടുത്തിടെ കോടതി വിധിച്ചിരുന്നു. ഇപ്പോഴിതാ വീടിന്റെ അവസ്ഥയെ കുറിച്ചും സിനിമയിൽ നിന്നും അത്യാവശ്യം പൈസ കിട്ടിയ അവസരത്തിൽപോലും ചീത്തയായ ടൈലുകൾ മാറ്റാൻ അച്ഛൻ തയ്യാറാവാത്തതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് നടൻ അർജുൻ അശോകൻ.  നിയമപരമായി മാത്രം നീതി ഉറപ്പാക്കണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും അർജുൻ അശോകൻ പറയുന്നു.

'പലപ്പോഴും അച്ഛന് മുന്നിൽ ഉത്തരം മുട്ടാറുണ്ട്. അച്ഛൻ എന്ന് പറയുമ്പോൾ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളർത്തണ്ടേ. അത്ര ദേഷ്യക്കാരൻ ഒന്നും അല്ല. സിനിമയിൽ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടിൽ നിൽക്കാൻ പറ്റില്ലാലോ. കേസ് പോകാൻ പ്രധാന കാരണം ഞങ്ങളുടെ കയ്യിൽ അത്ര പൈസ ഒന്നുമില്ല. എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തിൽ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ 'അമ്മ മരിക്കുന്നതിന് കുറച്ച് മുന്നെയാണ് ആ വീടിന്റെ പണി മുഴുവൻ തീർന്നത്.

ഇത്രയും കാലം സിനിമയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടിൽ കിടക്കാൻ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതൽ ഉണ്ടായത്. അത് റീപേയർ ചെയ്യാൻ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവർ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാൻ പറ്റില്ല വീട്ടിൽ. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാൻ എത്തിയപ്പോഴും അച്ഛൻ സമ്മതിച്ചില്ല അത് മാറ്റാൻ. കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിർബന്ധം ഉണ്ടായിരുന്നു', അർജുൻ അശോകൻ പറഞ്ഞു.

പഞ്ചാബിഹൗസിന്റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് വീട്ടിൽ പാകിയ ടൈൽസുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങിയാതായി ഹരിശ്രീ അശോകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിടവുകളിലൂടെ വെള്ളമുള്‍പ്പടെ ഉപരിതലത്തിലേക്ക് വന്നപ്പോൾ തന്നെ ടൈൽ പതിപ്പിച്ച സ്ഥാപനത്തെ അശോകന്‍ ഇക്കാര്യം അറിയിച്ചെങ്കിലും നിർമാണത്തിലെ തകരാറും ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് വ്യക്തമാക്കി അവർ കൈകഴുകി. തുടർന്ന് ടൈലുകൾ നല്‍കിയ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അവർ ഉറപ്പുകള്‍ നൽകിയതല്ലാതെ ടൈലുകൾ മാറ്റിക്കൊടുത്തില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow