മലയാളത്തിൽ ലാലേട്ടനൊപ്പം! ബോളിവുഡിൽ അക്ഷയ് കുമാറിനൊപ്പം! ഗംഭീര തിരിച്ചുവരവ് ഉറപ്പിച്ച് പ്രിയദർശൻ

Oct 1, 2024 - 15:31
 0  4
മലയാളത്തിൽ ലാലേട്ടനൊപ്പം! ബോളിവുഡിൽ അക്ഷയ് കുമാറിനൊപ്പം! ഗംഭീര തിരിച്ചുവരവ് ഉറപ്പിച്ച് പ്രിയദർശൻ

മലയാള സിനിമാ ചരിത്രത്തിൽ സൂപ്പർഹിറ്റുകളുടെ അമരക്കാരനായ സംവിധായകൻ ആണ് പ്രിയദർശൻ. പുതുതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ചുരുക്കം സംവിധായകരിൽ ഒരാൾ. 40 വർഷത്തെ കരിയറിൽ പൂർത്തിയാക്കിയത്  96 സിനിമകൾ. ഏറ്റവുമൊടുവിലിപ്പോൾ  ഹിന്ദിയിലും മലയാളത്തിലുമായി നിരവധി സിനിമകളാണ് ഇപ്പോള്‍ പ്രിയന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

സെയ്ഫ് അലി ഖാൻ, ബോബി ഡിയോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഇതില്‍ ആദ്യത്തേത്. മോഹൻലാൽ നായകനായി എത്തി പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആണിത്. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായക കഥാപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുമ്പോൾ സമുദ്രക്കനിയുടെ വില്ലനെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. 2025 ൽ ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം.

ബോളിവുഡിലെ ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ടായ  പ്രിയദർശൻ - അക്ഷയ് കുമാർ ജോഡിയും തിരിച്ചെത്തുന്നുവെന്ന സൂചനയുമുണ്ട്. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾ പിറന്ന ഈ  കൂട്ടുകെട്ട് 'ഭൂത് ബംഗ്ലാ' എന്ന് പേരിട്ട ചിത്രത്തിലൂടെ ആവർത്തിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. 
കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നതെന്നാണ് വിവരം.

അതേസമയം ഹിന്ദിയിൽ ഹിറ്റ് ജോഡി അക്ഷയ് കുമാർ-പ്രിയദർശൻ ആയിരുന്നെങ്കിൽ മലയാളത്തിൽ എല്ലാവര്ക്കും അറിയും പോലെ അത് തലമുറകളെ  പൊട്ടി  ചിരിപ്പിച്ച  മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടാണ്. തേന്മാവിൻ കൊമ്പത്ത്, കാക്കക്കുയിൽ, ചന്ദ്രലേഖ, വന്ദനം തുടങ്ങി ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്ന നിരവധി സിനിമകൾക്ക് പിന്നിൽ ഈ കോംബോയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 100ാമത്തെ ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന വാർത്ത എം.ജി ശ്രീകുമാര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow