”ഒരു പാറ്റയെ പോലും ദ്രോഹിക്കാത്ത ആളാണ്”; സൽമാന് മൃഗങ്ങളെ ഇഷ്ടം; കൃഷ്ണമൃഗത്തെ വേട്ടയാടാനാകില്ലെന്ന് പിതാവ്
സൽമാൻ ഖാൻ ചെറു പ്രാണികളെ പോലും ഉപദ്രവിക്കാത്ത വ്യക്തിയാണെന്ന് പിതാവും പ്രശസ്ത ഗാനരചയിതാവുമായ സലിം ഖാൻ. സൽമാൻ ഖാന് മൃഗങ്ങളെ ഒരിക്കലും വേട്ടയാടാൻ സാധിക്കില്ലെന്നും അത്രയേറെ മൃഗങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
” കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഞാൻ സൽമാനോട് കാര്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ സൽമാന് അതിലൊരു പങ്കുമില്ലെന്നാണ് അവൻ പറയുന്നത്. വേട്ടയാടൽ നടന്ന ദിവസം അവിടെ ഉണ്ടായിരുന്നില്ലെന്നും സൽമാൻ എന്നോട് പറഞ്ഞിരുന്നു. മൃഗങ്ങളെ എന്റെ മകന് വളരെയധികം ഇഷ്ടമാണ്. ഒരു പാറ്റയെ പോലും അവൻ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല.”- സലിം ഖാൻ പറഞ്ഞു.
”ഞങ്ങളുടെ കുടുംബത്തിലെ ആരും തോക്ക് ഉപയോഗിക്കുന്നവരല്ല. വെറുതെ ഒരു രസത്തിനായി മൃഗങ്ങളെ കൊല്ലുന്ന സ്വഭാവവും ഞങ്ങൾക്കില്ല.”പിന്നെ എന്തിന് ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ചോദിച്ചു. ബിഷ്‌ണോയ് സമുദായത്തോട് സൽമാൻ മാപ്പ് ചോദിച്ചാൽ അത് കുറ്റം ചെയ്തതു പോലെ ആകും. ചെയ്യാത്ത കുറ്റത്തിന് എങ്ങനെ മാപ്പ് ചോദിക്കാനാകും. താനോ, സൽമാനോ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1998 ലാണ് കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന് ആരോപിച്ച് സൽമാൻ ഖാനെതിരെ കേസെടുത്തത്. ഹം സാത്ത്- സാത്ത് ഹൈൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. രാജസ്ഥാനിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തിരുന്നത്. ഇവിടുത്തെ ബിഷ്‌ണോയ് സമുദായത്തിന്റെ പ്രിയപ്പെട്ട മൃഗമാണ് കൃഷ്ണമൃഗം. ഇതിനെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും ക്രൂരകൃത്യമായാണ് ബിഷ്‌ണോയ് സമുദായം കണക്കാക്കുന്നത്. ഇതേത്തുടർന്ന് ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘം സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്തിരുന്നു.
What's Your Reaction?