പോര് മുറുക്കി നയൻതാരയും ധനുഷും; ആര് വീഴും? കോടതിയിൽ ആര് ജയിക്കും, നിലപാട് വ്യക്തമാക്കി നയൻതാര
തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റിലീസ് ചെയ്തിരുന്നില്ല. ധനുഷുമായുള്ള പോര്പരസ്യമാക്കിയതിനു പിന്നാലെ നയൻസിന്റെ ജന്മ ദിനത്തിൽ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് നയൻതാര നടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയായിരുന്നു.
വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയുള്ള കണ്ടുമുട്ടലും ഇരുവരുടെ പ്രണയകാലവും വിവാഹബന്ധത്തിലെ ദൃഢതയുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഭാഗങ്ങൾ കൂടി ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താതെ പറ്റില്ലായിരുന്നു. ഇത് ആവശ്യപ്പെട്ട് ധനുഷിന് അയച്ച എൻ.ഒ.സിക്ക് മറുപടി നൽകാതെ വൈകിപ്പിക്കുക ആയിരുന്നു എന്നാണ് നയൻതാര ആരോപിച്ചിരുന്നത്. കൂടാതെ 11 വർഷങ്ങളായി നടൻ തങ്ങളോട് കൊടുംപക സൂക്ഷിക്കുക്കയാണെന്നും നയൻതാര പറഞ്ഞിരുന്നു.
അതേസമയം ധനുഷ് നയൻതാര ആവശ്യപ്പെട്ട ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ നൽകാത്തതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണസമയത്ത് ചിലർ പകർത്തിയ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് നിയമത്തിനു എതിരാണെന്ന് കാട്ടി ധനുഷ് മദ്രാസ് കോടതിയെ സമീപിച്ചിരുന്നു. ഈ വക്കീൽ നോട്ടീസിന് മറുപടിയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ. കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുൽ ധവാൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകി
ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും, സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും രാഹുൽ ധവാൻ പറയുന്നു. ” ഒരു രീതിയിലുമുള്ള പകർപ്പവകാശ ലംഘനവും നടന്നിട്ടില്ല. ഡോക്യുമെന്റ് സീരിസിൽ ഉപയോഗിച്ചിരിക്കുന്നത് സിനിമയിൽ നിന്നുള്ള ഭാഗങ്ങളല്ല. അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ തന്നെ നിയമലംഘനം നടന്നിട്ടില്ലെന്നും” അഭിഭാഷൻ ചൂണ്ടിക്കാട്ടി. കേസിൽ ഡിസംബർ രണ്ടിനാണ് മദ്രാസ് ഹൈക്കോടതി അടുത്ത വാദം കേൾക്കുന്നത്.
What's Your Reaction?