'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ'; നയന്‍താര-വിഘ്നേഷ് കല്യാണ ഡോക്യുമെന്ററി ഇനിയും വൈകില്ല, സൂചന നൽകി നെറ്റ്ഫ്ലിക്സ്
ഓരോ സെലിബ്രിറ്റി കല്യാണവും അവർക്കൊപ്പം ആഘോഷിക്കുന്ന ആൾക്കാരാണ് പ്രേക്ഷകർ. ജനപ്രിയ താരങ്ങളുടെ കല്യാണം ആണ് കഴിയുന്നതെങ്കിൽ വാരങ്ങളോളം ഇതിന്റെ വീഡിയോകളും റീലുകളും ചിത്രങ്ങളുമൊക്കെയായി സൈബർ ഇടങ്ങളിൽ ഒരേ ആഘോഷമാണ്. ഇത്തരത്തിൽ പ്രേക്ഷകർക്ക് കൂടുതൽ ചിത്രങ്ങളും വീഡിയോകളും കാണാനോ ആസ്വദിക്കാനോ കഴിയാതെ പോയ ഒരു വൻ താര വിവാഹമായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹം.
ഇന്ത്യൻ സിനിമയിലെ ഷാരൂഖാൻ അടക്കമുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ഒന്നോ രണ്ടോ ചിത്രങ്ങൾ പുറത്തുവിട്ടതല്ലാതെ കൂടുതൽ ആരും ഒന്നും കാണാതെ പോയതിന് ചില പിന്നാമ്പുറ കഥകൾ ഉണ്ട്. വിവാഹം ഇപ്പോഴും സസ്പെൻസ് ആയി ഇരിക്കാൻ കാരണം പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇത് ഡോക്യുമെന്റ് ചെയ്ത് പുറത്തിറക്കാൻ ഇരിക്കുന്നത് കൊണ്ടാണ്. 2022ൽ നടന്ന കല്യാണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്ററി ചില കാരണങ്ങളാൽ കാലതാമസം ഉണ്ടാക്കി എന്നും എന്നാൽ ഇനിയും കാലതാമസം ഉണ്ടാകില്ലെന്നുമുള്ള സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' എന്ന് പേരിട്ടിരിക്കുന്ന വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിലീസ് എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഒരു മണിക്കൂർ 21 മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം എന്നതടക്കമുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ കാണാം. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
വിവാഹം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി ഡോക്യുമെന്ററിയുടെ ഒരു ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. തമ്മിൽ കണ്ടുമുട്ടിയതിനെ കുറിച്ചും, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികൾ ഈ ടീസറില്‍ സംസാരിച്ചിരുന്നു. അന്ന് മുതല്‍ വീഡിയോക്കായി ആകാംക്ഷപൂര്‍വം ആരാധകര്‍ കാത്തിരിക്കുകയാണ്.
What's Your Reaction?