'അമരൻ' ഹിറ്റടിച്ചതിലെ സന്തോഷം; സംഗീത സംവിധായകന് വിലപിടിപ്പുള്ള വാച്ച് സമ്മാനിച്ച് നടൻ ശിവകാർത്തികേയൻ
മേജർ മുകുന്ദ് വരദരാജന്റെ പോരാട്ട കഥ പറഞ്ഞ 'അമരൻ' പ്രേക്ഷകർ ഇരുകൈയും നീട്ടി ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. രാജകുമാർ പെരിയ സ്വാമിയുടെ സംവിധാനത്തിൽ സായി പല്ലവി- ശിവ കാർത്തികേയൻ ജോഡി മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ച ധീര സൈനികൻ മേജർ മുകുന്ദ്ന്റെയും പ്രാണനെപ്പോലെ സ്നേഹിച്ച പാതിയെ നഷ്ടപ്പെട്ട പങ്കാളി ഇന്ദു റബേക്കയുടെയും കഥ വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ അക്ഷരാർത്ഥത്തിൽ ഈറനണിയുകയായിരുന്നു. ഇപ്പോഴിതാ ചിത്രം അമരൻ ബോക്സോഫീസിൽ വിജയ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്റെ സംഗീത സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ. നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറിനാണ് വാച്ച് സമ്മാനിച്ചത്. ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന ടാഗ് ഹോയർ വാച്ചാണ് ശിവകാർത്തികേയൻ സമ്മാനിച്ചിരിക്കുന്നത്.
ചിത്രത്തിൽ ജി വി പ്രകാശ് ഒരുക്കിയ ഗാനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ജി വി പ്രകാശിന് ആശംസകളും സമ്മാനവുമായി ശിവകാർത്തികേയൻ എത്തിയത്. വാച്ചിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രകാശാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വാച്ച് സമ്മാനിച്ചതിന് ശിവകാർത്തികേയന് നന്ദി അറിയിക്കുകയും ചെയ്തു.
What's Your Reaction?