'പ്രേമലു 2' ഒന്നാം ഭാഗത്തേക്കാൾ കൂടിയ ഐറ്റം! വൻ പ്രതീക്ഷകൾ നൽകി സംവിധായകൻ
നസ്‌ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായിരുന്നു 'പ്രേമലു'. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അണിയറപ്രവർത്തകർ സിനിമക്കൊരു രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗിരീഷ് എഡി.
'പ്രേമലു 2' കുറച്ചു കൂടി വലിയ ബഡ്ജറ്റിൽ ചെയ്യുന്ന പടമായിരിക്കുമെന്നും ഒരുപാട് തമാശകൾ ഉള്ള സിനിമയാകും അതെന്നും ഗിരീഷ് എ ഡി പറഞ്ഞു. 'പ്രേമലു 2'വിന്റെ തിരക്കഥയുടെ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ ഇനി മറ്റു സിനിമകൾ ചെയ്യാനുള്ള സമയം ഇല്ല. 'പ്രേമലു 2' വിനെ മുഴുവനായി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടാൽ അതിന് പല പ്രശ്നങ്ങളും ഉണ്ടാവും. അതുകൊണ്ട് അങ്ങനെയല്ല ചിത്രം പ്ലാൻ ചെയ്തിരിക്കുന്നതെന്നും ഗിരീഷ് എഡി പറഞ്ഞു.
ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത 'പ്രേമലു' പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 2025-ലാണ് 'പ്രേമലു 2' റിലീസ് ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.
നസ്‌ലെനെ നായകനാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത 'ഐ ആം കാതലൻ' ആണ് നസ്‌ലെൻ്റേതായി ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രം. 'പൂമരം', 'എല്ലാം ശരിയാകും', 'ഓ മേരി ലൈല' എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
What's Your Reaction?