പിൻവലിക്കുമെന്ന് പറഞ്ഞത് പിൻവലിക്കുന്നു; ഭർത്താവിന്റെ പിന്തുണയുണ്ട്, നടൻമാർക്കെതിരായ പരാതിയിൽ വീണ്ടും ഉറച്ച് നടി
മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടി വീണ്ടും രംഗത്ത്. നടൻമാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് പറഞ്ഞ ഇവർ നിലപാട് വീണ്ടും തിരുത്തി. പരാതി പിൻവലിക്കുന്നില്ലെന്നാണ് നടിയുടെ പുതിയ പ്രതികരണം.
സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ കേസിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു നടി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ കുടുംബത്തിന്റെ പിന്തുണയുടെ ബലത്തിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നടി അറിയിച്ചിരിക്കുകയാണ്. തനിക്കെതിരെ നിലവിലുള്ള പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും യുവതി ആവർത്തിച്ചു. തന്നെ പ്രതിയാക്കിയ പൊലീസ് നടപടി അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
നടന്മാർക്കെതിരെ തുറന്നുപറച്ചിലുകൾ നടത്തിയിട്ടും WCCയോ ഹേമ കമ്മിറ്റിയോ തന്നെ സമീപിച്ചിട്ടില്ലെന്നും നടി കുറ്റപ്പെടുത്തി. ഇത്രയും കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടും തന്നെ ബന്ധപ്പെട്ടില്ല, ഈ ഒറ്റയാൾ പോരാട്ടം എന്തിനെന്ന് തോന്നി. ആ നിരാശയിലാണ് പരാതി പിൻവലിക്കാൻ തുനിഞ്ഞതെന്നും നടി പറഞ്ഞു.
“നിന്റെ കൂടെ ആരുമില്ലെങ്കിലും ഞാനുണ്ട് എന്ന് ഹസ്ബൻഡ് പറഞ്ഞു. അതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടുപോകും, പൊലീസിനോട് സഹകരിക്കും” നടി വ്യക്തമാക്കി.
What's Your Reaction?