കങ്കുവയുടെ പരാജയ ക്ഷീണം സൂര്യ, കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിൽ തീർക്കുമോ? പുതിയ അപ്ഡേഷന്‍
കങ്കുവ എന്ന പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സോഫീസില്‍ വന്‍ തിരിച്ചടിയാണ് നടന്‍ സൂര്യയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ വരും ചിത്രങ്ങളിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട് താരം. സൂര്യ 44 എന്ന പേരില്‍ കാര്‍ത്തിക് സുബ്ബരാജ് ചിത്രമാണ് അടുത്തതായി സൂര്യയുടെ വരാന്‍ ഇരിക്കുന്ന ചിത്രം. ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. അതിന് പിന്നാലെ സൂര്യ 45 എന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.
താൽക്കാലികമായി സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഔപചാരിക പൂജ ചടങ്ങുകളോടെ കഴിഞ്ഞ ഒക്ടോബര്‍ 15നാണ് പ്രഖ്യാപിച്ചത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ ആര്‍ജെ ബാലാജിയാണ്. ജോക്കർ, അരുവി, തീരൻ അധികാരം ഒണ്ട്രു, കൈതി, സുൽത്താൻ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ എടുത്ത ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ഏറ്റവും ചിലവേറിയ ചിത്രം ആയിരിക്കും സൂര്യ 45 എന്നാണ് കോളിവുഡിലെ സംസാരം.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്ഡേഷന്‍ പുറത്തുവന്നിരിക്കുകയാണ്. സൂര്യ 45 ചിത്രീകരണം ഈ വാരം കൊയമ്പത്തൂരില്‍ ആരംഭിക്കും. ഒരു ഗ്രാമീണ കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. അതേ സമയം തൃഷ ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് വിവരം. മുന്‍പ് ആറു എന്ന ചിത്രത്തിലാണ് സൂര്യയുടെ നായികയായി തൃഷ എത്തിയിരുന്നത്. ഈ ചിത്രം വിജയമായിരുന്നു.
മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർജെ ബാലാജി പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഒരുക്കുന്നത് എന്നാണ് വിവരം. ഒരു വർഷത്തിലേറെ എടുത്താണ് ബാലാജി തിരക്കഥ വികസിപ്പിച്ചത്. ആക്ഷൻ-അഡ്വഞ്ചർ ഗണത്തില്‍ പെടുന്നതായിരിക്കും ചിത്രം എന്നാണ് വിവരം.
എആര്‍ റഹ്മാന്‍ ആണ് സൂര്യ 45ന് സംഗീതം നല്‍കുന്നത്. മുമ്പ് നടൻ സൂര്യ അഭിനയിച്ച സില്ലിന് ഒരു കാതൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിൽ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുണ്ട്.
What's Your Reaction?