ആ സന്ദര്‍ഭത്തിലൂടെ ലാലേട്ടന്‍ കടന്നുപോയാല്‍ എങ്ങനെയുണ്ടാവും? ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത, സംവിധായകൻ തരുണ്‍ മൂര്‍ത്തി

Dec 7, 2024 - 20:12
 0  1
ആ സന്ദര്‍ഭത്തിലൂടെ ലാലേട്ടന്‍ കടന്നുപോയാല്‍ എങ്ങനെയുണ്ടാവും? ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത, സംവിധായകൻ തരുണ്‍ മൂര്‍ത്തി

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം.

"മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന എന്‍റെ സിനിമ, അല്ലെങ്കില്‍ ഞങ്ങളുടെ സിനിമ. എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയില്‍ ലാലേട്ടനെ അവതരിപ്പിക്കാന്‍ പറ്റി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. എന്‍റെയൊക്കെ വീടിന് അപ്പുറത്തോ അയല്‍പക്കത്തോ കണ്ടിട്ടുള്ള ഒരു ടാക്സി ഡ്രൈവര്‍, അയാളുടെ കുടുംബം, അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങള്‍, കൂട്ടുകാര്‍, അയാളുടെ രസകരമായ മുഹൂര്‍ത്തങ്ങള്‍, അയാളുടെ ജീവിതം അങ്ങനെയാണ് ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ട്. അവര്‍ക്കുമൊക്കെ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ ടൈറ്റില്‍ ഡിസൈനിലേതുപോലെ അത് എങ്ങനെയാണ് ഞങ്ങള്‍ തുന്നിക്കെട്ടിയിരിക്കുന്നത് എന്നതറിയാന്‍ നിങ്ങള്‍ റിലീസ് വരെ കാത്തിരിക്കണം", തരുണ്‍ മൂര്‍ത്തി പറയുന്നു.

"കുറേ നിമിഷങ്ങളുണ്ട്, സന്ദര്‍ഭങ്ങളുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് ഇന്നത്തെ ലാലേട്ടന്‍ കടന്നുപോയിക്കഴിഞ്ഞാല്‍ അത് എങ്ങനെയുണ്ടാവും എന്നതാണ് നമ്മള്‍ പറയുന്നത്. തലമുറകളുടെ നായകനായിട്ടുള്ള ഒരു മോഹന്‍ലാലിനെ കാണാന്‍ അല്ലെങ്കില്‍ മോഹന്‍ലാലിനൊപ്പം ശോഭന ചേരുമ്പോള്‍ കിട്ടുന്ന ഒരു കെമിസ്ട്രി കാണാനാണ് ഞങ്ങള്‍ വിളിക്കുന്നത്. അതിനപ്പുറത്തേക്ക് നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം. ഒരാളുടെ ജീവിതം തുടരും എന്ന് പറഞ്ഞ് നിര്‍ത്തുന്നതുപോലെ ഒരു പേര്. ആ പേരിലെ തുന്നിക്കെട്ട് എന്താണെന്നുള്ളത് സിനിമ തന്നെ പറയട്ടെ", സംവിധായകന്‍ പറഞ്ഞവസാനിപ്പിക്കുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow