ധൂം 4 ൽ ലീഡ് റോളിൽ രൺബീർ കപൂർ?
ഇന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ആക്ഷൻ എന്റർടൈനർ ചിത്രമായിരുന്നു ധൂം. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ത്രില്ലും കൂടിക്കലർന്ന് നിർമിച്ച ബിഗ് ബജറ്റ് ചിത്രം വലിയ വിജയമായതോടെ സിനിമക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ, ആമിർ ഖാൻ എന്നിവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ പ്രധാന അഭിനേതാക്കൾ. ഇപ്പോഴിതാ ആരാധകർ ഏറെ നാളായി കാത്തിരുന്ന ധൂം നാലാം ഭാഗത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
രൺബീർ കപൂർ ആണ് ധൂമിന്റെ നാലാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടർച്ചായായി അല്ലാതെ ഒരു റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രമൊരുങ്ങുക. ആദ്യ മൂന്ന് ഭാഗങ്ങളിലും പ്രധാന വേഷത്തിലെത്തിയ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ ഉണ്ടായിരിക്കില്ല. പകരം ബോളിവുഡിൽ നിന്നുള്ള രണ്ടു പുതിയ താരങ്ങളാകും ആ വേഷം കൈകാര്യം ചെയ്യുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രൺബീർ കപൂറിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമായി ഒരുങ്ങുന്ന ധൂം നാലാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
2025 അവസാനമോ 2026 തുടക്കത്തിലോ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. രാമായണം ഒന്നും രണ്ടും ഭാഗങ്ങളും, സഞ്ജയ് ലീല ബൻസാലി ചിത്രം ലവ് ആൻഡ് വാർ എന്നീ സിനിമകൾ പൂർത്തിയാക്കിയിട്ടാകും രൺബീർ ധൂം 4 ൽ ജോയിൻ ചെയ്യുക.
What's Your Reaction?