മലയാളം ഇൻഡസ്ട്രിയിലെ സ്ത്രീകൾ തുറന്നു പറഞ്ഞതുപോലെ മറ്റൊരാളും തുറന്നു പറയാറില്ല; WCCയില്‍ അഭിമാനം: ചിദംബരം
മലയാളത്തിലേതുപോലെ മറ്റു ഇൻഡസ്ട്രികളിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങൾ തുറന്നു പറയാറില്ലെന്ന് സംവിധായകൻ ചിദംബരം. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താൻ കേരള സർക്കാരിനെ പ്രേരിപ്പിച്ച ഡബ്ല്യുസിസിയിൽ താൻ അഭിമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. എബിപി ലൈവ് സമ്മിറ്റിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ വിവരമനുസരിച്ച്, നിലവിൽ സിനിമാ മേഖലയിൽ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷമെങ്കിലും മുമ്പുള്ള സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. എന്നാൽ തങ്ങളുടെ മേഖലയിലെ സ്ത്രീകൾ തുറന്നു പറഞ്ഞ് രംഗത്ത് വന്നതുപോലെ മറ്റൊരാളും വന്നിട്ടില്ല, ചിലപ്പോൾ അവരെ സ്വാധീനിക്കുന്ന ചിലതെങ്കിലും അവിടെ ഉണ്ടായിരുന്നേക്കാം. ഞങ്ങൾ ഒരു മാതൃക സൃഷ്ടിച്ചു, തമിഴിലും തെലുങ്കിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി.' ചിദംബരം പറഞ്ഞു.
സിനിമാ മേഖലയിലുള്ള അഴുക്കുകൾ പുറത്തുകൊണ്ടുവന്ന് സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിയതിൽ ഡബ്ല്യുസിസിയുടെ പ്രവർത്തനത്തിലും താൻ അഭിമാനിക്കുന്നുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു.
അതേസമയം, മഞ്ഞുമ്മൽ ബോയ്സിന്റെ വൻ വിജയത്തിന് ശേഷം ചിദംബരം ഹിന്ദിയിൽ ഫാൻ്റം സ്റ്റുഡിയോസുമായും തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സിലുമായും സിനിമകൾ ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നു. തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ മറ്റു വിവരങ്ങൾ പങ്കുവെക്കാനാവില്ലെന്ന് ചിദംബരം എബിപി ലൈവ് സമ്മിറ്റിൽ പറഞ്ഞു.
What's Your Reaction?