ഇന്ദു റബേക്കയായി 'അമരനി'ൽ ജീവിച്ച് സായി പല്ലവി! യഥാർത്ഥ ജീവിതത്തിൽ മേജർ മുകുന്ദിന്റെ ഇന്ദു ഒരു മലയാളി, വായിക്കാം..

Nov 5, 2024 - 19:36
 0  8
ഇന്ദു റബേക്കയായി 'അമരനി'ൽ ജീവിച്ച് സായി പല്ലവി! യഥാർത്ഥ ജീവിതത്തിൽ മേജർ മുകുന്ദിന്റെ ഇന്ദു ഒരു മലയാളി, വായിക്കാം..

മേജർ മുകുന്ദ് വരദരാജന്റെ പോരാട്ട കഥ പറഞ്ഞ 'അമരൻ' പ്രേക്ഷകർ ഇരുകൈയും നീട്ടി ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.  രാജകുമാർ പെരിയ സ്വാമിയുടെ സംവിധാനത്തിൽ സായി പല്ലവി- ശിവ കാർത്തികേയൻ ജോഡി മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

 രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ച ധീര സൈനികൻ മേജർ മുകുന്ദ്ന്റെയും പ്രാണനെപ്പോലെ സ്നേഹിച്ച പാതിയെ നഷ്ടപ്പെട്ട പങ്കാളി ഇന്ദു റബേക്കയുടെയും കഥ വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ അക്ഷരാർത്ഥത്തിൽ  ഈറനണിയുകയായിരുന്നു. അമരൻ  തിയേറ്ററുകളിൽ എത്തിയതോടെ മേജർ മുകുന്ദ്  വരദരാജൻ എന്ന സ്വന്തം ജീവൻ വെടിഞ്ഞും കാശ്മീരിലെ ഷോപ്പിയാൻ ഓപ്പറേഷനെ വിജയത്തിൽ എത്തിച്ച സൈനികനെ ഇന്ത്യ വീണ്ടും ചർച്ചയാക്കുകയായിരുന്നു. എന്നാൽ മേജർ മുകുന്ദോളം തന്നെ ധീരയും പ്രതിസന്ധികളിൽ അടിപതറാതെയും മുന്നേറിയ ഏറെ ബഹുമാനം അർഹിക്കുന്ന വ്യക്തിത്വമാണ് പത്നി ഇന്ദു റബേക്കയുടെതും.

2014 ഏപ്രിൽ 25 നാണ് മേജര്‍ മുകുന്ദ് വരദരാജൻ രാജ്യത്തിനായി വീരമൃത്യു വരിച്ചത്. പിന്നാലെ തൊട്ടടുത്ത വര്‍ഷം മരണാനന്തരം പരമോന്നത ബഹുമതിയായ അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ അശോക ചക്ര ഏറ്റുവാങ്ങിയശേഷം ഇന്ദു റബേക്ക വര്‍ഗീസ് അന്ന്  പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു. '‘എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..'.  ഒരു പക്ഷെ മേജര്‍ മുകുന്ദിനോളം തന്നെ ധീരയും ജീവിതത്തെ തേടിയെത്തിയ സമാനതകളില്ലാത്ത ദുരന്തങ്ങളെ  മനശക്തി കൊണ്ട് പൊരുതി തോൽപിച്ച പോരാളിയുമാണവർ.

 മേജർ മുകുന്ദ്  വരദരാജന്റെ ദേശസ്നേഹവും സ്മരണയും അമരൻ  എന്ന ചിത്രത്തിലൂടെ അനശ്വരമാകുമ്പോൾ ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തന്നെ തനിച്ചാക്കി പോയ പങ്കാളിയെ കുറിച്ചുള്ള എന്നെന്നേക്കുമായ മായാത്ത സങ്കടവും അനന്തമായ സ്നേഹവും അടങ്ങാത്ത പ്രതീക്ഷയും ചേർന്നതാണ് പ്രേക്ഷകന് മുകുന്ദിന്റെ  ഇന്ദു റബേക്ക.

 മലയാളി കൂടിയായ  ഇന്ദു റബേക്ക  പത്തനംതിട്ട സ്വദേശിയാണ്. ബംഗളൂരുവിലെ ഡിഗ്രി പഠനത്തിനുശേഷം മാസ് കമ്മ്യൂണിക്കേഷനിൽ പിജി എടുക്കാൻ 2004ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എത്തുകയായിരുന്നു ഇന്ദു. ഇതേസമയം കോളേജിൽ പിജി ഡിപ്ലോമ ചെയ്യുകയായിരുന്നു മുകുന്ദ്. ഇവിടെ തുടങ്ങിയ സൗഹൃദം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. പിന്നീട് പട്ടാളത്തിൽ ഓഫീസറായി ജോലി. 2009ൽ ഇന്ദുവുമായുള്ള വിവാഹം. 2011ൽ മകൾ ആർഷയുടെ ജനനം. 

 ആറു വർഷത്തെ സന്തുഷ്ട ദാമ്പത്യത്തിനുശേഷം 2014ൽ മുകുന്ദ്  ഇന്ദുവിനെയും  കുടുംബത്തെയും വിട്ട് ധീരമൃത്യു വരിച്ചപ്പോൾ മകൾ ആർഷയ്ക്ക് പ്രായം മൂന്നു വയസ്സ്. വളരെ ചെറുപ്പത്തിൽ തന്നെ വിധി വില്ലനായി  ജീവിതത്തിൽ വന്നിട്ടും രാജ്യത്തിനുവേണ്ടി വീര മൃത്യു  വരിച്ച ധീര സൈനികന്റെ  പങ്കാളി എന്നതിൽ നിന്നും അഭിമാനവും ധൈര്യവും ആർജിച്ച ഇന്ദു തന്റെ മകൾക്കും കുടുംബത്തിനുമായി തളരാതെ നിവർന്നു നിൽക്കുകയായിരുന്നു.

 മുകുന്ദന്റെ ഭരണശേഷം 2014 മുതൽ 17 വരെ ബംഗളൂരിലെ ആർമി സ്കൂളിൽ ഇന്ദു അധ്യാപികയായി ജോലി നോക്കി പിന്നീട് ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോവുകയും കോഴ്സിനു ശേഷം അവിടെ ജോലി ചെയ്യുകയും ചെയ്തു. മകൾക്ക് സ്വന്തം നാടിനോടുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് നാട്ടിൽ തിരിച്ചെത്തിയത്. നിലവിൽ തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് ഇന്ദു. ആർഷ ഇന്ന് മൂന്നാം ക്ലാസുകാരിയുമാണ്. 

അതേസമയം  ഇതുവരെയുള്ള കണക്കുകൾ എടുത്ത് പരിശോധിക്കുമ്പോൾ നൂറുകോടിയിൽ അധികം കളക്ഷനുമായാണ് ചിത്രത്തിന്റെ കുതിപ്പ്. വൈകാതെ ശിവകാർത്തിയന്റെ കരിയറിലെ ആദ്യ 200 കോടിയും അമരൻ  സമ്മാനിക്കും എന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
  

What's Your Reaction?

like

dislike

love

funny

angry

sad

wow