ആ കണ്ടുമുട്ടലാണ് നയൻതാരയ്ക്ക് ഇന്ന് കാണുന്ന സകല സന്തോഷവും കൊടുത്തത്; ജീവിതം മാറ്റിമറിച്ച സംഭവത്തിന് നന്ദി പറഞ്ഞ് നടി
സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താര പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം. ഇപ്പോഴിതാ അങ്ങേയറ്റം സന്തോഷകരമായി ജീവിതം മുന്നോട്ടുപോകുന്നതിനിടയിൽ തന്റെ ജീവിതം മാറ്റിമറിച്ച സിനിമയുടെ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നയൻസ്.
മക്കൾ സെൽവൻ വിജയ് സേതുപതിയും നയൻസും ജോഡികളായെത്തിയ 'നാനും റൗഡി താൻ' റിലീസ് ചെയ്തിട്ട് ഒമ്പത് വർഷങ്ങൾ തികയുന്നതിന്റെ ഓർമയാണ് നടി പങ്കുവെച്ചത്. തനിക്ക് പുതിയൊരു ജീവിതം തന്നെ തന്ന ചിത്രത്തിന് നന്ദി പറയുന്നതിനൊപ്പം സിനിമയുടെ ബിടിഎസ് ദൃശ്യങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
'എന്റെ ജീവിതത്തിൽ അനുഗ്രഹമായെത്തി, ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമ, ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് നാനും റൗഡി താൻ റിലീസ് ചെയ്തത്. പുതിയ അനുഭവങ്ങൾ, പുതിയ ഓർമകൾ, ഒപ്പം പുതിയ ബന്ധവും നൽകിയതിന് ആ ചിത്രത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. എനിക്ക് വിക്കിയെ നൽകിയത് ആ ചിത്രമാണ്. നാനും റൗഡി താൻ എനിക്ക് നൽകിയതിന് വിക്കിക്കും നന്ദി,' നയൻതാര കുറിച്ചു.
ചിത്രത്തിലൂടെയായിരുന്നു ഭർത്താവും ചിത്രത്തിന്റെ സംവിധായകനുമായ വിഘ്നേശ് ശിവനും നയൻസും തമ്മിൽ കാണുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. 2015 ലായിരുന്നു ഇത്. 9 വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാവുകയും ഉലകം, ഉയിർ എന്നിങ്ങനെ രണ്ട് ഇരട്ട കുട്ടികളുമുണ്ടാവുകയും ചെയ്തത്. അതുകൊണ്ട് എങ്ങനെ നോക്കിയാലും നടിയുടെ ജീവിതത്തിലെ നിർണായക ചിത്രമായിരുന്നു 'നാനും റൗഡി താൻ.
What's Your Reaction?