അംബാൻ ആദ്യമായി നായക വേഷത്തിൽ; നായിക അനശ്വര, റിലീസ് പ്രണയ ദിനത്തിൽ

Dec 2, 2024 - 14:59
 0  0
അംബാൻ ആദ്യമായി നായക വേഷത്തിൽ; നായിക അനശ്വര, റിലീസ് പ്രണയ ദിനത്തിൽ

രോമാഞ്ചം, ആവേശം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത സജിൻ ഗോപു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പൈങ്കിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അനശ്വര രാജനാണ് നായിക വേഷത്തിൽ എത്തുന്നത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. 

ഓട് മേഞ്ഞ പഴയൊരു വീട്, വീടിന് ചുറ്റും സോപ്പു കുമിളകള്‍, കുമിളകൾ ഊതി അനശ്വര, എയറിൽ നിൽക്കുന്ന സജിൻ ഗോപു, ഇതെല്ലാം നോക്കി അന്തിച്ച് നിൽക്കുന്ന വീട്ടുകാർ എന്നിങ്ങനെ ഏറെ കൗതുകമുള്ള രീതിയിൽ ആണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. 'ആവേശം' സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രങ്കൻ ചേട്ടനൊപ്പം അമ്പാൻ എന്ന കഥാപാത്രമായി ശ്രദ്ധേയനായ സജിൻ ഗോപു ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സജിൻ ഗോപു നായകനാകുന്നത്. 

ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിൽ എത്തും

What's Your Reaction?

like

dislike

love

funny

angry

sad

wow