'നിത്യ ഹരിത ശിശു'; കുട്ടികൾക്കൊപ്പം കുട്ടിയായി ശിശു ദിനത്തിൽ മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും തോറും മാറ്റുകൂടുന്ന പൊന്ന്. മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന താരം കൂടിയായ മമ്മൂക്ക ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുട്ടികൾക്കൊപ്പമുള്ള സ്പെഷ്യൽ ഫോട്ടോയും അതിനു താഴെ ആരാധകർ നടത്തുന്ന രസകരമായ പ്രതികരണങ്ങളുമാണിപ്പോൾ കൗതുകമാകുന്നത്.
മൂന്നു കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിൽ മെഗാ സ്റ്റാർ. ചിത്രം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തതോടെ ശിശുദിനാശംസകളും രസകരമായ കമന്റ്സുമൊക്കെയായി പോസ്റ്റ് വൈറലാവുകയാണ്.
'ഇതിലേതാ ശെരിക്കും കുട്ടി', 'അന്നും ഇന്നും കുട്ടി', 'നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി', 'കുഞ്ഞുങ്ങളുടെ മനസുള്ള ഇമ്മിണി വലിയൊരാൾ' 'നിത്യ ഹരിത ശിശു' തുടങ്ങിയ രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് കീഴെ വരുന്നുണ്ട്.
What's Your Reaction?