'ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ‘; ഭിന്ന ശേഷിക്കാരനായ സഹോദരനെ കുത്തിനോവിക്കുന്നതാണോ ഏട്ടൻ സ്നേഹം, മമ്മൂക്കയുടെ വല്യേട്ടന് വിമർശനം
ഇന്ത്യൻ സിനിമകൾക്ക് പോലും അഭിമാനമാകുന്ന തരത്തിൽ മലയാള സിനിമ വളരുന്ന കാലമാണിത്. നല്ല സിനിമകൾ ആഘോഷമാക്കുകയും റീ റിലീസുകളിലൂടെ പോയകാലത്തെ നല്ല സിനിമകൾ തിരിച്ചുപിടിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യം. ലാലേട്ടന്റെ മണിച്ചിത്രത്താഴും ദേവദൂതനും സ്പടികവും, മമ്മൂക്കയുടെ രാജമാണിക്യവും, പാലേരി മാണിക്യവും ഏറ്റവും ഒടുവിൽ വല്യേട്ടനുമെല്ലാം തിയേറ്ററുകളിൽ ഇത്തരത്തിൽ എത്തിയ സിനിമകളാണ്. മമ്മൂക്കയുടെ എക്കാലത്തെയും ജനപ്രിയ വിജയ ചിത്രങ്ങളിൽ ഒന്നായ വല്യേട്ടന്റെ റീമാസ്റ്റർ പതിപ്പ് 24 വർഷങ്ങൾക്കിപ്പുറം റിലീസ് ചെയ്യുമ്പോൾ വലിയ സ്വീകരണമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. രണ്ടായിരത്തിൽ ഷാജി കൈലാസത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം വർഷങ്ങൾക്കുശേഷം വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമ്പോൾ മൺമറഞ്ഞ പല കലാകാരന്മാരെയും ഓർമ്മകളിലേക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് സിനിമ പ്രേമികൾ. അതേസമയം ചിത്രത്തിലെ ചില ഡയലോഗുകളിൽ വീണ്ടും ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ചില വിമർശകർ. ചിത്രത്തിൽ മമ്മൂക്കയുടെ സഹോദരനും ഭിന്നശേഷികാരനുമായി അഭിനയിച്ചത് നടൻ സുധീഷ് ആയിരുന്നു. സുധീഷിന്റെ കഥാപാത്രം കാലിന് സ്വാധീന കുറവും ഉയരക്കുറവുമുള്ള ആളായിരുന്നു. ഈ ന്യൂനതകളെ മമ്മൂട്ടിയുടെ വല്യേട്ടൻ കഥാപാത്രം ചിത്രത്തിൽ പരിഹസിക്കുന്നുണ്ട് ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ‘സമുദ്ര നിരപ്പിൽ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ‘ തുടങ്ങിയ ഡയലോഗുകൾ മുതിർന്ന സഹോദരനായ , കൂടെപ്പിറപ്പുകളെ ഇത്രയേറെ സ്നേഹിക്കുന്ന ഒരാൾ എങ്ങനെ പറയുന്നുവെന്നാണ് ചിലരുടെ ചോദ്യം. ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് നായകന്റെ മേന്മയായി കാണാൻ ആകില്ലെന്നാണ് . അതു കൂടാതെ സിദ്ദിഖിന്‍റെ കഥാപാത്രം ഭിന്നശേഷിക്കാരനായ സുധീഷിനെ ഞൊണ്ടി എന്ന് ഇടക്കിടെ വിളിക്കുന്നതും സാഹചര്യത്തിന് നിരക്കുന്നതല്ലെന്ന് പ്രേക്ഷകർ പറയുന്നു.
What's Your Reaction?