'തലവേദനയോടെ തിയറ്റര്‍ വിട്ടാല്‍ അവര്‍ വീണ്ടും വരില്ല'; വിമര്‍ശനത്തില്‍ പ്രതികരണവുമായി റസൂല്‍ പൂക്കുട്ടി
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. കോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഏറ്റിയ ചിത്രമായതിനാല്‍ ആദ്യ ദിനം കങ്കുവ കാണാന്‍ തിയറ്ററുകളിലേക്ക് ഇരച്ചാണ് കാണികള്‍ എത്തിയത്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത്. ചിത്രത്തിലെ ശബ്ദ ബാഹുല്യത്തെപ്പറ്റി പ്രേക്ഷകരും നിരൂപകരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്‍കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ലെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു മാധ്യമ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് റസൂല്‍ പൂക്കുട്ടി കുറിച്ചിരിക്കുന്നത് ഇങ്ങനെ- "റീ റെക്കോര്‍ഡിംഗ് മിക്സര്‍ ആയ ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു റിവ്യൂ കാണുന്നത് ഏറെ വിഷമിപ്പിക്കുന്നു. ബഹളത്തിന്‍റെ ഒരു യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സൗണ്ട് ചെയ്ത ആ വ്യക്തിയെയോ? അതോ എല്ലാ അരക്ഷിതത്വങ്ങളെയും തൃപ്തിപ്പെടുത്താന്‍ അവസാന നിമിഷം വരുത്തുന്ന എണ്ണമറ്റ മാറ്റങ്ങളെയോ. നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് കാര്യങ്ങള്‍ ഉറക്കെയും വ്യക്തമായും പറയേണ്ട സമയമാണ് ഇത്. തലവേദനയോടെ തിയറ്റര്‍ വിടുന്ന ഒരു സിനിമ കാണാനും രണ്ടാമത് ആളുകള്‍ തിയറ്ററിലേക്ക് എത്തില്ല", റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍.
സൂര്യ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ പ്രതിനായകനാവുന്നത് ബോബി ഡിയോള്‍ ആണ്. ദിഷ പഠാനി, നടരാജന്‍ സുബ്രഹ്‍മണ്യം, കെ എസ് രവികുമാര്‍, യോഗി ബാബു, റെഡിന്‍ കിംഗ്‍സ്‍ലി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലേത്. കാര്‍ത്തിയുടെ സര്‍പ്രൈസ് സാന്നിധ്യവും ചിത്രത്തിലുണ്ട്.
What's Your Reaction?