അത് ഒഴിവാക്കിയത് മുത്തശ്ശി; പക്ഷെ ചിത്രം തിയറ്ററിൽ കണ്ടപ്പോൾ ചെരിപ്പൂരി സ്വയം അടിച്ചു: ഐശ്വര്യ ഭാസ്‌കരന്‍
ആദ്യകാല നടി ലക്ഷ്മിയുടെ മകള്‍ കൂടെയായ ഐശ്വര്യ ഭാസ്‌കരന്‍ ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയായിരുന്നു. നരസിംഹം, പ്രജ, ബട്ടർഫ്‌ളൈസ് തുടങ്ങിയ സിനിമകളിൽ ലാലേട്ടന്റെ ജോഡിയായെത്തി കേരളത്തിന്റെ മുഴുവൻ ഇഷ്ടം പിടിച്ചുപറ്റുകയായിരുന്നു അവർ. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സീരിയലുകളിലൂടെ താരം ഇപ്പോഴുംസജീവമാണ്.
എന്നാൽ കരിയറിൽ കത്തി നിന്ന കാലത്ത് സ്വന്തം ഡേറ്റും അവസരങ്ങളും കൃത്യമായി തിരഞ്ഞെടുക്കാത്തതിന്റെ പേരിൽ തനിക്ക് നഷ്ടപ്പെട്ടുപോയ എക്കാലത്തെയും വലിയ ഹിറ്റുകളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മണി രത്‌നം എന്ന ഹിറ്റ് സംവിധായകന്റെ എക്കാലത്തെയും ഏറ്റവും വലിയ രണ്ട് ഹിറ്റുകളായ ദളപതിയിലേയും റോജയിലെയും വേഷങ്ങൾ വേണ്ടെന്ന് വെച്ചതിനെ കുറിച്ചാണ് താരം കുറ്റബോധത്തോടെ ഇന്ന് ഓർക്കുന്നത്
‘‘ആദ്യം മണി അങ്കിള്‍ (മണിരത്നം) വിളിച്ചത് ദളപതിക്കായാണ്. ശോഭന ചെയ്ത വേഷം ചെയ്യാന്‍. അപ്പോൾ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.
ഹൈദരാബാദ് പോകാന്‍ നില്‍ക്കുമ്പോഴാണ് കുളു മണാലിയില്‍ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തില്‍നിന്ന് അഡ്വാന്‍സ് വാങ്ങി വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.അക്കാലത്ത് തന്റെ മുത്തശ്ശിയായിരുന്നു തന്റെ ഡേറ്റുകളെല്ലാം നോക്കിയിരുന്നത് എന്നും അതുകൊണ്ടുതന്നെ തനിക്ക് കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു എന്നും വൈകാതെ ആ തെലുങ്ക് പടം മുടങ്ങി പോവുകയാണ് ചെയ്തതെന്നും ഐശ്വര്യ പറയുന്നു.
നാളുകൾക്ക് ശേഷം കോയമ്പത്തൂരിൽ വച്ച് റോജ കണ്ടുവെന്നും പടം കഴിഞ്ഞു താൻ ആരോടും ഒന്നും മിണ്ടിയില്ലെന്നും പിന്നാലെ തന്റെ ചെരുപ്പ് തലയിൽ വച്ച് സ്വയം അടിച്ചുവെന്നും ഐശ്വര്യ പറയുന്നു. തന്റെ പ്രവർത്തി കണ്ട് ഓടിവന്ന് മുത്തശ്ശി അടിക്കരുതെന്ന് വിലക്കിയെങ്കിലും എന്നാൽ തനിക്ക് തന്നെയല്ലേ അടിക്കാൻ കഴിയുള്ളൂവെന്നും മുത്തശ്ശിയെ അടിക്കാൻ കഴിയില്ലല്ലോ എന്ന് ചോദിച്ചു എന്നും ഐശ്വര്യ പറയുന്നു. അന്ന് ആ സിനിമ ഇത്ര വലിയ ഹിറ്റ് ആകുമെന്ന് താൻ കരുതിയില്ലെന്നും ദളപതിയിലേത് നഷ്ടമായത് ചെറിയ കഥാപാത്രം ആയിരുന്നുവെങ്കിലും അതു വലിയ പ്രാധാന്യമുള്ളതായിരുന്നു എന്നും നടി പറയുന്നു.
What's Your Reaction?