സിന്ധു കൃഷ്ണയുടെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമം; തെളിവുകൾ നിരത്തി അഹാന കൃഷ്ണകുമാർ
നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും വ്ലോഗറുമായ സിന്ധു കൃഷ്ണയുടെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമം. വാട്സ്ആപ്പിലൂടെയാണ് സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സിന്ധു കൃഷ്ണ ബുദ്ധിപരമായി നീങ്ങിയതോടെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ മകളും നടിയുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
വാട്സ്ആപ്പ് നമ്പറിൽ നിന്നും ഒടിപി അയച്ചുതരുമോ എന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിച്ചതെന്ന് അഹാന പറയുന്നു. കോൺടാക്ട് ലിസ്റ്റിലുള്ള ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറിൽ നിന്നാണ് മെസേജ് വന്നത്. ആറ് അക്കമുള്ള ഒടിപി നമ്പർ അയച്ചിട്ടുണ്ടെന്നും അത് അയച്ചുതരൂ എന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിക്കുന്നുണ്ട്. എന്നാൽ പിന്നെയും നമ്പർ അയച്ചുതരൂ എന്നാണ് സംഘം ആവർത്തിക്കുന്നത്. ഇതിന്റെ വാട്സ് ആപ്പ് സ്ക്രീൻഷോട്ടുകളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
അവർ ചോദിക്കുന്ന ഒടിപി നമ്പർ അയച്ചുകൊടുത്താൽ അപ്പോൾ തന്നെ ഫോൺ ഹാക്ക് ചെയ്യപ്പെടും. ഇത് ഹാക്കർമാരുടെ പുതിയ ഐഡിയ ആണെന്നും അഹാന പറയുന്നു. സ്പാം മെസേജ് അല്ലേ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ മറുപടി. ഇതായിരുന്നു തട്ടിപ്പുകാരുടെ അവസാന സന്ദേശം. ഇത് വലിയ തമാശയായി തോന്നിയെന്ന് ആയിരുന്നു അഹാനയുടെ പ്രതികരണം. ഡിജിറ്റൽ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്.
What's Your Reaction?