അല്ലുവിന്റെ അറസ്റ്റ് ദോഷമല്ല, വൻ ഗുണമായി; പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം
നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം. റിലീസ് ദിനം മുതൽ കോടികൾ വാരിക്കൂട്ടിയ ചിത്രം നായകന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ കത്തിക്കയറുകയായിരുന്നു. ഇന്ത്യയിൽ 74 ശതമാനം കുതിപ്പും, ആഗോളതലത്തിൽ 70 ശതമാനം കുതിപ്പുമാണ് ബോക്സോഫീസിലുണ്ടായത്. ഇതോടെ ചിത്രം 1,200 കോടിക്ക് അരികിലെത്തി.
ശനിയാഴ്ച രാത്രി വരെയുള്ള കണക്കുപ്രകാരം പുഷ്പ -2 നേടിയത് 1,196 കോടിയാണ്. ശനിയാഴ്ച മാത്രം 100 കോടിയോളം കളക്ഷൻ നേടിയിരുന്നു. വെള്ളിയാഴ്ച ഇത് 51 കോടിയായിരുന്നു. ബോക്സോഫീസ് കളക്ഷനിൽ 70 ശതമാനം കുതിപ്പുണ്ടായത് അല്ലുവിന്റെ അറസ്റ്റിന് ശേഷമാണെന്നതും വ്യക്തമാണ്.
സിനിമയുടെ പ്രീമിയർ ഷോയ്‌ക്കിടെ ഹൈദരാബാദിൽ വച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവമാണ് വൻ വിവാദത്തിലേക്ക് വഴിവച്ചത്. തുടർന്നുണ്ടായ നടന്റെ അറസ്റ്റ് രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ടു. ഒടുവിൽ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നടന് ജാമ്യം ലഭിച്ചത്. ദുരന്തം നടന്ന ദിവസം പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയിരുന്നതിനാലാണ് നടനെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് പൊലീസിന്റെ വാദം. നാടകീയമായ അറസ്റ്റും മണിക്കൂറുകൾക്കുള്ളിൽ ജാമ്യവും ഇതിനിടെ ഒരുരാത്രി മാത്രമുള്ള ജയിൽവാസവുമെല്ലാം അല്ലു അർജുന്റെ ജനപ്രീതി ഉയർത്തുകയാണ് ചെയ്തത്.
2021ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ സീക്വലാണ് പുഷ്പ-2. 340 കോടി നേടിയ ചിത്രം അല്ലു അർജുനെ പാൻ-ഇന്ത്യൻ സ്റ്റാറായി ഉയർത്തിയിരുന്നു. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
What's Your Reaction?