അല്ലു അർജുൻ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി പൊലീസ്
പുഷ്പ-2ന്റെ പ്രീ-റിലീസിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ, മനഃപൂർവം ദ്രോഹിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താരത്തിന്റെ പ്രൈവറ്റ് സെക്യൂരിറ്റി സംഘത്തിന്റെ ചുമതലയുള്ള ആൾക്കെതിരെയും സിനിമ റിലീസ് ചെയ്ത സന്ധ്യ തിയേറ്റർ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അല്ലു അർജുനൊപ്പം ഉണ്ടായിരുന്ന ക്രൂവിനെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താരങ്ങൾ സിനിമയ്‌ക്കെത്തുന്നുണ്ടെങ്കിൽ തിയേറ്റർ ഉടമകളോ അല്ലെങ്കിൽ നിർമാതാക്കളോ വിവരം പൊലീസിൽ അറിയിക്കണം, ഇതുണ്ടായില്ല. അവസാന നിമിഷമാണ് അറിയിച്ചത്. ആളുകൾ തിങ്ങി കൂടിയത് വലിയ രീതിയിലുള്ള ക്രമസാമധാന പ്രശ്നമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പ്രീറിലീസിനിടെ അപ്രതീക്ഷിതമായി അല്ലു അർജുനും കുടുംബവും സംഘവുമെത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തെ കാണാൻ തടിച്ചുകൂടിയിരുന്നു. ഈ തിക്കിലും തിരക്കിലും പെട്ടാണ് 39-കാരി മരിച്ചത്. ഇവരുടെ 12 വയസുള്ള മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഡിസംബർ നാലിന് രാത്രി 10.30-ഓടെയായിരുന്നു സംഭവം.
തിക്കിലും തിരക്കിലും പെട്ട് രേവതി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ വന്നവർ രേവതിയുടെ പുറത്തേക്ക് വീണതോടെ സ്ഥിതി ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭർത്താവിനും മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തി ചാർജ് ഉൾപ്പടെ നടത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിന് പിന്നാലെ അല്ലു അർജുൻ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
What's Your Reaction?