'ബോഗയ്ന്‍വില്ല'യും ഒടിടിയില്‍; തീയതി പ്രഖ്യാപിച്ചു

Dec 1, 2024 - 15:40
 0  2
'ബോഗയ്ന്‍വില്ല'യും ഒടിടിയില്‍; തീയതി പ്രഖ്യാപിച്ചു

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോ​ഗയ്ന്‍വില്ല എന്ന ചിത്രമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 57 ദിനങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുക. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ ഡിസംബര്‍ 13 ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. 

2022 ല്‍ റിലീസ് ചെയ്യപ്പെട്ട ഭീഷ്‍മപര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമാണിത്. ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലയ്ക്ക് ഉണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. അവരുടെ പ്രകടനവും പ്രേക്ഷകരുടെ വലിയ കൈയടി നേടിയിരുന്നു. കുഞ്ചാക്കോ ബോബനും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ഭീഷ്‌മപര്‍വ്വത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow