ബെറ്റിങ് ആപ് പരസ്യത്തിൽ പൊലീസ് ആയി അഭിനയിച്ചു; നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ നടപടി വേണമെന്ന് ഹിന്ദുത്വസംഘടന
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി. മഹാരാഷ്ട്രയിലെ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജൻജാഗൃതി സമിതിയാണ് താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഘടനയുടെ സുരാജ്യ അഭിയാൻ കാമ്പയിനിന്റെ ഭാഗമായിട്ടാണ് പരാതി നൽകിയിരിക്കുന്നത്.
ഒരു ബെറ്റിങ് ആപ്പിന്റെ പരസ്യത്തിൽ പൊലീസുകാരനായി നവാസുദ്ദീൻ അഭിനയിച്ചിരുന്നു. ഈ പരസ്യം മഹാരാഷ്ട്ര പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്.
ബിഗ് കാശ് പോക്കർ എന്ന ബെറ്റിങ് ആപ്പിന് വേണ്ടിയാണ് നവാസുദ്ദീൻ സിദ്ദീഖി പരസ്യം ചെയ്തിരിക്കുന്നത്. പരസ്യത്തിൽ പൊലീസിനെ മൊത്തം അധിക്ഷേപിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. പൊലീസ് യൂണിഫോം ധരിച്ച് പോക്കർ പോലുള്ള ചൂതാട്ട ഗെയിമിനെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ഹിന്ദു ജൻജാഗൃതി സമിതി പറയുന്നു.
1951ലെ മഹാരാഷ്ട്ര പോലീസ് ആക്ട്, 1979ലെ മഹാരാഷ്ട്ര സിവിൽ സർവീസസ് ചട്ട പ്രകാരവും നടനെതിരെ നടപടിയെടുക്കണമെന്നാണ് സുരജ്യ അഭിയാന്റെ മഹാരാഷ്ട്ര സംസ്ഥാന കോ-ഓർഡിനേറ്റർ അഭിഷേക് മുരുകതെ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ നവാസുദ്ദീൻ സിദ്ദീഖി ഇതുവരെ പ്രതികരിച്ചിട്ടില്ല.
What's Your Reaction?