ഏതെങ്കിലും ഒരു വശത്ത് നില്‍ക്കണം അല്ലാതെ റോഡിന് നടുക്ക് നില്‍ക്കരുത്; വിജയ്‍ക്കെതിരെ പരിഹാസവും വിമർശനവും
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എന്ന വാര്‍ത്ത വന്നപ്പോള്‍ അതിനെ ആദ്യം അനുകൂലിച്ച് രംഗത്ത് എത്തിയ വ്യക്തിയാണ് സീമാന്‍. നാം തമിഴര്‍ കക്ഷി എന്ന തീവ്ര തമിഴ് ദേശീയ കക്ഷിയുടെ നേതാവായ സീമാന്‍ വിജയ്‍യുടെ രാഷ്ട്രീയം തന്‍റെ രാഷ്ട്രീയത്തോട് ചേരുന്നതാണെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വിജയ്‍യെ പരസ്യമായ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സീമാന്‍.
തന്‍റെ കക്ഷി ടിവികെയുടെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് തമിഴ് ദേശീയതയും, ദ്രാവിഡ രാഷ്ട്രീയവും തമിഴ് ജനതയുടെ രണ്ട് കണ്ണുകളാണ് എന്ന് പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്താണ് സീമാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചെന്നൈയിലെ സമ്മേളനത്തില്‍ വിജയ്‍യെ രൂക്ഷമായി പരിഹസിച്ചാണ് സീമാന്‍ സംസാരിച്ചത്.
“ഞങ്ങൾ ഇവിടെ കഥകൾ പറയാനില്ല. ഞങ്ങൾ ഇവിടെ വന്നത് ചരിത്രം പഠിപ്പിക്കാനാണ്. അംബേദ്കറെയും പെരിയാറെയും മറ്റും കുറിച്ച് നിങ്ങള്‍ ഇപ്പോഴായിരിക്കും വായിക്കാൻ തുടങ്ങിയത്. എന്നാൽ ഞങ്ങൾ ഇതിനകം അവരെ പഠിച്ച് പിഎച്ച്ഡി പൂർത്തിയാക്കി കഴിഞ്ഞു. ഞങ്ങളുടെ തീസിസ് സമർപ്പിച്ചിട്ടുണ്ട്. സംഘസാഹിത്യത്തിന്‍റെ സാരാംശം എവിടെയാണെന്ന് മനസ്സിലാക്കാൻ ഇപ്പോഴാണ് നിങ്ങൾ സംഘസാഹിത്യത്തിലേക്ക് നോക്കുന്നത്. എന്നാൽ സംഘസാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന നെടുഞ്ചെഴിയനെപ്പോലെ ഞങ്ങള്‍ പാണ്ഡ്യരുടെ പിന്മുറക്കാരാണ്" സീമാന്‍ വിജയ്‍യുടെ പ്രസംഗം പരാമര്‍ശിച്ച് പറഞ്ഞു.
"നമ്മുടെ സ്വന്തം മാതാപിതാക്കൾ നമ്മുടെ ആദർശങ്ങൾക്ക് എതിരായി നിലകൊള്ളുന്നുണ്ടെങ്കിലും, അവർ ഇപ്പോഴും എതിരാളികളാണ്, ഇതിൽ ഒരു സഹോദരനോ സുഹൃത്തോ ഇല്ല - സഖ്യകക്ഷികളും അല്ലാത്തവരും മാത്രം" വിജയ്‍യുമായി സീമാന്‍ സഹകരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ എന്‍ടികെ നേതാവ് പറഞ്ഞു.
വേലു നാച്ചിയാര്‍ പോലുള്ള ചരിത്ര വ്യക്തികളെ വിജയ് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. അത് ആരാണെന്ന് പോലും വിജയിക്ക് അറിയില്ലെന്നും സീമാന്‍ പ്രസംഗത്തില്‍ പരിഹസിച്ചു. തമിഴ് ദേശീയതയും, ദ്രാവിഡ രാഷ്ട്രീയവും തമിഴ് ജനതയുടെ രണ്ട് കണ്ണുകളാണ് എന്ന് പറഞ്ഞത് ശരിയല്ലെന്നും. ഒരിക്കല്‍ താങ്കള്‍ റോഡിന് ഏതെങ്കിലും വശത്ത് നില്‍ക്കണം അല്ലാതെ റോഡിന് നടുക്ക് നില്‍ക്കരുത് എന്ന് പറഞ്ഞ് വിജയ്‍ക്ക് ഒരു നയവും ഇല്ലെന്ന് സീമാന്‍ വിജയ്‍യെ പരിഹസിച്ചു.
വിജയ്‍ക്കെതിരെ സീമാന്‍ രംഗത്ത് എത്തിയതോടെ ടിവികെ വഴി രാഷ്ട്രീയത്തില്‍ ഇറങ്ങിയ വിജയ്‍യുടെ രാഷ്ട്രീയ എതിരാളികള്‍ കൂടുന്നു എന്ന സൂചനയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്നത്. നേരത്തെ വിജയ് പാര്‍ട്ടി രൂപീകരിച്ചതോടെ തമിഴ് ദേശീയത ഉയര്‍ത്തിപ്പിടിച്ച് 10 ശതമാനത്തിന് അടുത്ത് വോട്ട് നോടുന്ന എന്‍ടികെയ്ക്ക് വലിയ ക്ഷീണം ഉണ്ടാകുമെന്ന് വിലയിരുത്തല്‍ വന്നിരുന്നു. ഇത് കൂടി മുന്നില്‍കണ്ടാണ് സീമാന്‍റെ വിമര്‍ശനം.
What's Your Reaction?