സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം; പാസ്‌പോർട്ട് അന്വേഷണ സംഘത്തിന് കൈമാറാൻ സുപ്രീം കോടതിയുടെ നിർദേശം
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. ലൈംഗികാരോപണത്തിൽ യുവതി പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന് നിരീക്ഷിച്ചതോടെയാണ് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്താൽ സിദ്ദിഖിനെ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിട്ടു.
സിദ്ദിഖിന്റെ അഭിഭാഷകനായ മുകുൾ റോഹ്തഗിയുടെയും എതിർകക്ഷികളായ സംസ്ഥാന സർക്കാരിന്റെയും പരാതിക്കാരിയുടെയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പരാതി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പരാതിക്കാരി എന്തുകൊണ്ട് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയില്ലെന്ന ചോദ്യവും ഉന്നയിച്ചു.
8 വർഷങ്ങൾക്ക് മുൻപ് ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തെ കുറിച്ച് പ്രതിപാദിക്കാൻ ധൈര്യപ്പെട്ട യുവതി എന്തുകൊണ്ടാണ് പൊലീസിൽ പരാതിപ്പെടാതിരുന്നതെന്നും കോടതി ചോദിച്ചു. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ 8 വർഷം പിന്നിട്ടിട്ടും ഹേമ കമ്മിറ്റി രൂപീകരിച്ചപ്പോഴും യുവതി പരാതി നൽകിയിരുന്നില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
സിദ്ദിഖ് അന്വേഷണം സംഘവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. രാജ്യം വിടാതിരിക്കാനായി പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും നിർദേശമുണ്ട്.
What's Your Reaction?