ആ രോഗം ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി; തുറന്നുപറഞ്ഞ് ആലിയ ഭട്ട്
ബോളിവുഡിലെ യുവനായിക നടിമാരില്‍ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറിൽ തുടക്കകാലത്ത് നേരിട്ട വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡിൽ കണ്ടെത്താൻ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താൻ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആലിയ.
സമീപകാലത്ത് താൻ നടത്തിയ സൈക്കോളജിക്കൽ ടെസ്റ്റിൽ തനിക്ക് എഡിഎച്ച്ഡി (അറ്റൻഷൻ ഡിഫൻസി/ ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ) ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി ആലിയ വെളിപ്പെടുത്തി. കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടെ ഇരിക്കുമായിരുന്നു. പലപ്പോഴും ക്ലാസിൽ നിന്ന് സംസാരിച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു.
ആലിയയുടെ പുതിയ ചിത്രമായ ജിഗ്‌രയുടെ റിലീസിന് പിന്നാലെ ദി ലാലൻടോപിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് എഡിഎച്ച്ഡി ഉള്ള കാര്യം ആലിയ തുറന്നു പറഞ്ഞത്. "സമീപകാലത്ത് ഞാൻ ഒരു സൈക്കോളജിക്കൽ ടെസ്റ്റ് നടത്തി, അതിൽ എനിക്ക് എഡിഎച്ച്ഡി സ്‌പെക്ട്രം ഉയർന്നതാണെന്ന് കണ്ടെത്തി. എന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുമ്പോഴെല്ലാം, 'ഞങ്ങൾക്ക് അത് അറിയാമായിരുന്നു' എന്നായിരുന്നു അവർ പറഞ്ഞത്," ആലിയ പറഞ്ഞു.
നീണ്ട സമയം ശ്രദ്ധയോടെയും പൂർണമായ മനസാന്നിധ്യത്തോടെയും ഇരിക്കാന്‍ കഴിയുന്ന വളരെ കുറച്ച് സന്ദര്‍ഭങ്ങളെ തന്‍റെ ജീവിതത്തിലുള്ളുവെന്നും ആലിയ പറഞ്ഞു. അതിലൊന്ന് മകൾ രാഹയ്‌ക്കൊപ്പമുള്ളതും, മറ്റൊന്ന് ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി നില്‍ക്കുമ്പോഴാണെന്നും ആലിയ പറഞ്ഞു. അതേസമയം തന്റെ മേക്കപ്പിന് ആയി 45 മിനിറ്റിൽ കൂടുതൽ സമയം ചെലവഴിക്കാനാവില്ലെന്ന് മറ്റൊരു അഭിമുഖത്തിൽ ആലിയ പറഞ്ഞിരുന്നു.
നേരത്തെ നടൻ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി അവസ്ഥയുള്ള കാര്യം തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ ഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തനിക്ക് 41-ാം വയസ്സിൽ കണ്ടെത്തിയതിനാൽ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് ഫാസിൽ പറഞ്ഞത്. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിച്ചപ്പോഴായിരുന്നു ഫഹദ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരവസ്ഥയാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം അഥവാ എഡിഎച്ച്ഡി. പ്രത്യേകമായി ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാത്തതും അടങ്ങിയിരിക്കാൻ സാധിക്കാത്തതുമാണ് എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളിൽ ചിലത്. ഷോർട് മെമ്മറിയും ഒരു കാര്യം വീണ്ടും വീണ്ടും ഉറപ്പുവരുത്തുന്നതും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
What's Your Reaction?