മനപൂർവ്വം മാറി നിന്നതല്ല! ചില ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ്; സിനിമയിൽ നിന്ന് മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി ദുൽഖർ

Oct 26, 2024 - 16:09
 0  3
മനപൂർവ്വം മാറി നിന്നതല്ല! ചില ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ്; സിനിമയിൽ നിന്ന് മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി ദുൽഖർ

സിനിമയിൽ നിന്ന് ഒരു വർഷത്തോളം മാറി നിന്നതിന്റെ കാരണം വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ. അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്തത് മനഃപൂർവ്വവുമല്ലെന്നും ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാലാണ് സിനിമയിൽ നിന്ന് മാറി നിന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയായ ലക്കി ഭാസ്കറുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.

അഭിനയ ജീവിതം തുടങ്ങിയിട്ട് ഇതാദ്യമായാണ് ഒരു വർഷത്തോളം ഇടവേള എടുക്കുന്നത്. ഒരിക്കലും മനപൂർവ്വം മാറി നിന്നതല്ല. ചില ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇതിനിടയിൽ ഒരുപാട് സിനിമകൾ എനിക്ക് വന്നിരുന്നു. പക്ഷേ, അതൊക്കെ വേണ്ടെന്ന് വയ്‌ക്കേണ്ടിവന്നു. മുമ്പ് വാക്ക് കൊടുത്തിരുന്ന സിനിമകൾക്ക് കാലതാമസവും ഉണ്ടായി.

ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പാണ് ലക്കി ഭാസ്കറുടെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ഈ സിനിമ ഇത്രയും നാൾ വൈകിയത് ഞാൻ കാരണമാണ്. തുടങ്ങിവച്ച ഒരു പ്രോജക്ട് ഞാൻ കാരണം മുടങ്ങരുതെന്ന് ചിന്തിച്ചാണ് ലക്കി ഭാസകർ ചെയ്ത് തീർത്തത്. ഇപ്പോൾ ആരോ​ഗ്യം ശരിയായി വരുന്നുണ്ട്. വീണ്ടും സിനിമാ ജീവിതത്തിൽ സജീവമാകും. തമിഴിൽ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് തെലുങ്കിലും മലയാളത്തിലും സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും ദുൽഖർ സൽമാൻ പറഞ്ഞു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സാന്നിധ്യമറിയിക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താരത്തിന്റേതായി ഒരു സിനിമകളും പുറത്തെത്തിയിരുന്നില്ല. കിം​ഗ് ഓഫ് കൊത്തയ്‌ക്ക് ശേഷം ദുൽഖറിന്റേതായി എത്തുന്ന സിനിമയാണ്
ലക്കി ഭാസ്കർ.

What's Your Reaction?

like

dislike

love

funny

angry

sad

wow