'തുടക്കകാരാനാണ് അതുകൊണ്ട് തന്നെ തെറ്റുണ്ടാകാം, അധിക്ഷേപിക്കുന്നത് നല്ല പ്രവണതയല്ല'; ട്രോളുകൾക്ക് മറുപടിയുമായി അമിത് മോഹൻ
തിയേറ്ററിൽ ചിരിപ്പിച്ച് കൈയ്യടി നേടിയ ചിത്രമായിരുന്നു ആനന്ദ് മേനോൻ സംവിധാനം ചെയ്ത 'വാഴ'. ആഗസ്റ്റ് 15 ന് തിയേറ്ററിലെത്തി മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ ചിത്രത്തിന്റ ഗതി വിപരീതമായിരുന്നു. ചിത്രത്തിലെ പല സീനുകൾക്കും സോഷ്യൽ മീഡിയയിൽ ട്രോളുകളുണ്ടായി. നവാഗതനായ അമിത് മോഹനും കോട്ടയം നസീറും ഭാഗമായ ഒരു വൈകാരിക രംഗത്തിന് നേരെ വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റ്സ് ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
തങ്ങൾ എല്ലാവരും നവാഗതരായ അഭിനേതാക്കളാണെന്നും തെറ്റുകൾ ഉണ്ടായിട്ടുണെന്ന് അറിയാമെന്നും നെഗറ്റീവ് കമന്റുകളെയും പോസിറ്റീവായി എടുക്കുന്നുവെന്നും അമിത് മോഹൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ്റെ പ്രതികരണം.
'അഭിപ്രായങ്ങൾ പറയാം, പക്ഷെ അധിക്ഷേപിക്കുന്നത് നല്ല പ്രവണതയായി തോന്നുന്നില്ല. തെറ്റുകൾ തുറന്ന് പറയുമ്പോൾ അത് തിരുത്തി അടുത്തതിൽ മെച്ചപ്പെടുത്താൻ ശ്രമിക്കും. അല്ലാതെ അധിഷേപിക്കുന്നതിലൂടെ അവർക്ക് കുറച്ച് ലൈക് കിട്ടുമായിരിക്കും അതിൽ കാര്യമില്ല. അഭിനയിച്ച് മലമറിക്കുന്ന ആളൊന്നും അല്ല താൻ, തുടക്കകാരാനാണ് അതുകൊണ്ട് തന്നെ തെറ്റുണ്ടെന്ന് പുറത്ത് നിന്ന് മറ്റൊരാൾ പറയുന്നതിന് മുന്നേ തന്നെ അറിയാം'. അമിത് മോഹൻ പറഞ്ഞു. നെഗറ്റീവ് കമന്റുകളെയും പോസിറ്റീവായി എടുക്കുന്നുവെന്നും, ഇത്തരം അധിക്ഷേപണങ്ങൾ തളർത്തില്ലെന്നും അമിത് മോഹൻ കൂട്ടിച്ചേർത്തു.
'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് 'വാഴ'. ആനന്ദ് മേനോനാണ് സംവിധായകൻ. ഒരുപാട് ആൺകുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച വിജയം നേടിയ 'വാഴ'യുടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വാഴ സ്ട്രീമിങ് ആരംഭിച്ചത്.
What's Your Reaction?