ലക്കി ദുൽഖർ, ഇനി ലക്‌ഷ്യം 100 കോടി; ആഗോള ബോക്സ് ഓഫീസിൽ 50 കോടി കടന്ന് 'ലക്കി ഭാസ്കർ'

Nov 4, 2024 - 21:08
 0  3

ആഗോള ബോക്സ് ഓഫീസിൽ നാല് ദിവസം കൊണ്ട് 50 കോടി കടന്ന് ദുൽഖർ ചിത്രം ലക്കി ഭാസ്കർ. ഒക്ടോബർ 31 ന് പുറത്തിറങ്ങിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 55.4 കോടിയാണ് ചിത്രമിതുവരെ സ്വന്തമാക്കിയത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ലക്കി ഭാസ്കറിന് ലഭിക്കുന്ന പ്രതികരണങ്ങൾ. നിരവധി ട്വിസ്റ്റുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന മൊമെന്റുകളും സിനിമയിൽ ഉണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്.

7.50 കോടിയാണ് ആദ്യത്തെ ദിനം 'ലക്കി ഭാസ്കർ' ഇന്ത്യയിൽ നിന്നു നേടിയത്. റിലീസിന്റെ തലേദിവസമായ ഒക്ടോബർ 30 ന് ചിത്രത്തിന്റെ സ്പെഷ്യൽ പ്രിവ്യു ഷോകൾ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഒരു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചിത്രത്തിന്റെ കളക്ഷൻ 8.50 കോടിയായി. കേരളത്തിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. എട്ടു കോടിയോളമാണ് ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് മാത്രം നേടിയത്.

തമിഴ്നാട്ടിലും സിനിമക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച അഭിപ്രായവും ബുക്കിംഗും ലഭിച്ചിട്ടും തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടും ഷോ കൗണ്ടും കുറവാണെന്ന പരാതിയുമായി സിനിമാപ്രേമികൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ചിത്രത്തിന്റെ ഷോകൾ ക്രമാതീതമായി കൂട്ടിയിരുന്നു. അമരൻ, ബ്ലഡി ബെഗ്ഗർ തുടങ്ങിയ സിനിമകൾക്കൊപ്പം റിലീസ് ചെയ്തിട്ടും കൃത്യമായ കളക്ഷൻ സിനിമക്ക് ലഭിക്കുന്നുണ്ട്.

മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത് . 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow