ഗോവ ചലച്ചിത്രമേള: ആടുജീവിതം, ഭ്രമയു​ഗം, ലെവൽക്രോസ്, മഞ്ഞുമ്മൽ ബോയ്സ് എന്നിവ ഇന്ത്യൻ പനോരമയിൽ

Oct 25, 2024 - 18:19
 0  3
ഗോവ ചലച്ചിത്രമേള: ആടുജീവിതം, ഭ്രമയു​ഗം, ലെവൽക്രോസ്, മഞ്ഞുമ്മൽ ബോയ്സ് എന്നിവ ഇന്ത്യൻ പനോരമയിൽ

പനാജി: 55-ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ നടക്കും. 25 ഫീച്ചർ ചിത്രങ്ങളും 20 നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനംചെയ്ത് നായകനായി അഭിനയിച്ച സ്വതന്ത്ര വീർ സവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രം.

384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാ​ഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത്. നോൺ ഫീച്ചർ വിഭാ​ഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് 262 സിനിമകളിൽനിന്നും. ഘർ ജൈസാ കുഛ് ആണ് ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടനചിത്രം.

മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയു​ഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജി​ഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും.

ഇതിൽ മുഖ്യധാരാ സിനിമാ വിഭാ​ഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12ത് ഫെയിൽ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. അതേസമയം നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അം​ഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാ​ഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത്.

ഓസ്ട്രേലിയയിൽനിന്നുള്ള ചിത്രങ്ങളാണ് കൺട്രി ഫോക്കസ് വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക. ഏഴ് ചിത്രങ്ങളായിരിക്കും ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക

What's Your Reaction?

like

dislike

love

funny

angry

sad

wow