'മോർ പവർ ടു യു ഗയ്‌സ്'; നയൻതാരയെ പരസ്യമായി പിന്തുണച്ച് ഗീതു മോഹൻദാസ്

Nov 17, 2024 - 15:30
 0  2
'മോർ പവർ ടു യു ഗയ്‌സ്'; നയൻതാരയെ പരസ്യമായി പിന്തുണച്ച് ഗീതു മോഹൻദാസ്

ധനുഷിനെതിരെയുള്ള വെളിപ്പെടുത്തലിൽ നയൻതാരയ്ക്ക് പിന്തുണയുമായി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഗീതു നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചത്. ധനുഷിനെതിരെയുളള നടിയുടെ കത്തിനൊപ്പം 'മോർ പവർ ടു യു ഗയ്‌സ്, സ്നേഹവും ബഹുമാനവും' എന്ന് കുറിച്ചുകൊണ്ടാണ് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗീതു മോഹൻദാസിനു പുറമെ നിരവധി തെന്നിന്ത്യൻ നായികമാർ നയൻതാരയെ പിന്തുണച്ചിട്ടുണ്ട്. നടി പാര്‍വതി തിരുവോത്താണ് നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചവരിൽ ഒരാൾ. ധനുഷിനൊപ്പം ഭരത് ബാല സംവിധാനം ചെയ്ത മാരിയാൻ എന്ന സിനിമയിൽ പാർവതി അഭിനയിച്ചിരുന്നു. ശ്രുതി ഹാസനാണ് നയൻസിനെ പിന്തുണച്ച മറ്റൊരു നായിക. ശ്രുതി ധനുഷിനൊപ്പം 3 എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഇവർക്ക് പുറമെ നസ്രിയ നസീം, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ ധനുഷിനൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്. ഇവരുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്ന നയന്‍താരയുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. 'Nayanthara: Beyond the Fairy Tale' എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസിന് ഒരുങ്ങുന്നത്.

നയന്‍താരയുടെ കരിയറും ജീവിതവും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ധനുഷ് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാതെ വൈകിപ്പിച്ചുവെന്നും നയന്‍താര പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതം നല്‍കിയില്ലെന്നും ഇതാണ് ഡോക്യുമെന്ററി വൈകാനും പിന്നീട് റീ എഡിറ്റ് ചെയ്യാനും കാരണമായതെന്നും നടി പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിനുണ്ടായ വലിയ വിജയത്തില്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow