പ്രേക്ഷകർക്ക് ഞാൻ എപ്പോഴും മമ്മൂട്ടിയുടെ മകനാണ്; പണത്തിന് വേണ്ടി മാത്രം എന്തെങ്കിലും ചെയ്താൽ അതവർക്ക് മനസിലാകും: ദുൽഖർ സൽമാൻ
പണത്തിന് വേണ്ടി താൻ ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടൻ ദുൽഖർ സൽമാൻ. ഒരു പ്രബലമായ കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന ആളാണ് താൻ. അതിനാൽ പണത്തിന് വേണ്ടി താൻ എന്തെങ്കിലും ചെയ്താൽ അത് പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകും. ഒരുപാട് പ്രതിഫലം നൽകി ഒരു റീമേക്ക് ചിത്രത്തിൽ അഭിനയിക്കാൻ തന്നോട് ആവശ്യപ്പെട്ടാൽ അത് സ്വീകരിക്കില്ല. ഒറിജിനൽ സിനിമകൾ ചെയ്യാനാണ് തനിക്ക് താല്പര്യം എന്ന് ദുൽഖർ സൽമാൻ ഗ്രേറ്റ് ആന്ദ്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എനിക്ക് നിങ്ങൾ ഒരുപാട് പണം തന്നത് കൊണ്ട് ഞാനൊരു സിനിമ ചെയ്യില്ല. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം. വലിയ പ്രതിഫലത്തിന് ഒരു ഒടിടി എന്നെ ഹിന്ദിയിൽ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിനായി എനിക്ക് അവർ ഓഫർ ചെയ്തത്. പക്ഷേ ഞാൻ അവരോട് നോ പറഞ്ഞു. ഞാൻ പരസ്യങ്ങളും നിക്ഷേപങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ പിന്തുടരുന്ന ഒരു റൂൾ ആണത്. എന്റെ പ്രേക്ഷകരുടെ മനസിൽ എപ്പോഴും ഞാൻ എന്റെ അച്ഛന്റെ മകനാണ്', ദുൽഖർ സൽമാൻ പറഞ്ഞു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറാണ് ഉടൻ പുറത്തിറങ്ങാനുള്ള ദുൽഖർ ചിത്രം. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകരുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. സെൽവമണി സെൽവരാജ് ഒരുക്കുന്ന 'കാന്ത' എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. റാണ ദഗ്ഗുബതി ആണ് ചിത്രം നിർമിക്കുന്നത്. ഒരു പീരീഡ് സിനിമയായി ഒരുങ്ങുന്ന കാന്തയുടെ കഥ നടക്കുന്നത് 1950 കളിലാണ്.
What's Your Reaction?