ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ആടുജീവിതം; പുരസ്‌കാര പ്രഖ്യാപനം മാർച്ച് 2ന്
ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ. മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലേക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പിലാണ് ആടുജീവിതം ഇടം പിടിച്ചത്.പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക. ജനുവരി എട്ട് മുതൽ 12 വരെ വോട്ട് രേഖപ്പെടുത്താം. 17 നാണ് അന്തിമ നോമിനേഷൻ പട്ടിക പുറത്തുവിടുക. വോട്ടിംഗ് ശതമാനം ഉൾപ്പെടെ വിലയിരുത്തിയാകും രണ്ടാം റൗണ്ടിലേക്കുള്ള തെരഞ്ഞെടുപ്പ്.
ജീവിതം കരുപ്പിടിപ്പിക്കാൻ പ്രതീക്ഷയോടെ ഗൾഫിലെത്തുകയും ആട്ടിടയനായി ദുരിത ജീവിതം നയിക്കേണ്ടി വരികയും ചെയ്ത നജീബ് എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ബെന്യാമിന്റെ ആടുജീവിതം നോവലാണ് സംവിധായകൻ ബ്ലെസി സിനിമയാക്കിയത്. പൃഥ്വിരാജ് ആയിരുന്നു നജീബിനെ അവതരിപ്പിച്ചത്. മരുഭൂമിയിൽ ജീവിതത്തിനും മരണത്തിനുമിടയിലൂടെ നജീബ് കടന്നുപോകുന്ന ഒട്ടേറെ വൈകാരിക നിമിഷങ്ങൾ പൃഥ്വിരാജ് ശ്രദ്ധേയമായ രീതിയിൽ അഭ്രപാളികളിലെത്തിച്ചിരുന്നു.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധാനത്തിനും തിരക്കഥയ്‌ക്കും നടനും ഛായാഗ്രഹണത്തിനുമുൾപ്പെടെ ഒൻപത് പുരസ്‌കാരങ്ങൾ ആടുജീവിതം നേടിയിരുന്നു. 2024 ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിൽ (HMMA) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും സിനിമ സ്വന്തമാക്കിയിരുന്നു. എആർ റഹ്‌മാനാണ് സിനിമയ്‌ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത്.
97 ാമത് ഓസ്‌കർ പുരസ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. മാർച്ച് രണ്ടിനാണ് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.
What's Your Reaction?