ഇതും ഹിറ്റ്! ആസിഫ് അലിക്ക് 2025ഉം ഭാഗ്യ വർഷമാകുമോ? രേഖാചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ
ആസിഫ് അലിയുടെ തലവൻ, കിഷ്‌കിണ്ഠാ കാണ്ഡം തുടങ്ങിയ ചിത്രങ്ങൾ വലിയ വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതു വർഷത്തെ ആദ്യ റിലീസ് ചിത്രമായ രേഖാചിത്രവും വൻ അഭിപ്രായം നേടി മുന്നോട്ട് കുതിക്കുകയാണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തില്‍ അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ദിനമായ ഇന്ന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. പ്രൊമോഷൻ പരിപാടികളും ഒപ്പം മൗത്ത് പബ്ലിസിറ്റിയും ആയപ്പോൾ പടം മികച്ച പ്രതികരണം നേടുകയായിരുന്നു. ഈ അവസരത്തിൽ റിലീസ് ദിനത്തിൽ രേഖാചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം രണ്ട് കോടിയിലധികം രേഖാചിത്രം ആദ്യദിനം നേടി. അതായത് ഏകദേശം 2.05 കോടി രൂപ. കേരളത്തിലെ മാത്രം കളക്ഷൻ റിപ്പോർട്ടാണിത്. മികച്ച പ്രതികരണം ലഭിച്ചത് കൊണ്ട് തന്നെ ഇന്നും രണ്ട് കോടിയോ അതിൽ കൂടുതലോ കളക്ഷൻ രേഖാചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നാളെയും മറ്റന്നാളും ശനിയും ഞായറും ആണ്. അവധി ദിവസങ്ങളായത് കൊണ്ട് തന്നെ മികച്ച കളക്ഷൻ തന്നെ ഈ ദിനങ്ങളിൽ ആസിഫ് അലി ചിത്രം നേടുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഫാമിലി ഓഡിയന്‍സ് കൂടുതലും ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍ എത്തും. ഇതും രേഖാചിത്രത്തിന് തുണയാകും
What's Your Reaction?