തനിക്ക് നേരെ ഇനി അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ വേണ്ട! നിയമ യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്

Jan 6, 2025 - 17:53
 0  3
തനിക്ക് നേരെ ഇനി അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ വേണ്ട! നിയമ യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്

സോഷ്യൽ മീഡിയയിൽ അസഭ്യവും അശ്ലീലവും എഴുതി തനിക്കെതിരെ വരുന്നവരോട് യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്.  ഹണി റോസ് നൽകിയ പരാതിയുടെ  അടിസ്ഥാനത്തിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി  താരത്തിന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട 27 പേർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയാണ് തന്നെ മോശക്കാരിയായി  ചിത്രീകരിക്കുന്ന പരാമർശങ്ങൾക്കെതിരെയുള്ള താരത്തിന്റെ തുറന്ന പോര്. തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളില്‍ അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് ലഭിക്കുന്ന എല്ലാം സംരക്ഷണ സാധ്യതകളും ഉപയോഗിച്ച് നിയമ പരമായി നേരിടും എന്നുമാണ് താരം ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
 

ഹണി റോസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്ത്യയിലെ നിമയസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. 

ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്‍റെ ജോലിയുടെ ഭാഗമാണ്. എന്‍റെ വസ്ത്ര ധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല. പരാതി ഇല്ല. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റെസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്‍റെ നേരെയുള്ള വിമര്‍ശനങ്ങളില്‍ അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. 

ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow