'മകൻ' നഷ്‌ടമായി! കുറച്ച് കാലത്തേക്ക് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് തൃഷ
ഇന്നലെ ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്‌മസ് ആഘോഷത്തിൽ മുഴുകവേ തന്നെ തേടിയെത്തിയ ദുഃഖകരമായ സംഭവത്തെ കുറിച്ചുള്ള നടി തൃഷ കൃഷ്‌ണന്റെ പോസ്റ്റ് ആണ് വൈറൽ ആവുന്നത്.
തന്റെ ജീവിതത്തിൽ നികത്താനാകാത്ത വിടവ് തീർത്ത് പൊന്നോമന യാത്രയായി എന്നാണ് തൃഷ കുറിച്ചിരിക്കുന്നത്.ക്രിസ്‌മസ് പുലരിയിൽ തന്റെ പ്രിയപ്പെട്ട 'മകൻ' നഷ്‌ടമായ ദുഃഖത്തിലാണ് തൃഷ. സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന വേളയിൽ ഇനി അഭിനയത്തിലേക്ക് പോലും കുറച്ചുകാലത്തേക്ക് ഉണ്ടാവില്ല എന്നും തൃഷ ആരാധകരെ അറിയിച്ചു.
എന്നും ചേർത്തുപിടിച്ചും മുത്തം നൽകിയും ഓമനിച്ച പൊന്നോമന ഇനി ഓർമ മാത്രമാണെന്ന് അംഗീകരിക്കാൻ തൃഷയ്‌ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.അടുത്തകാലം വരെയും 'സോറോ' എന്ന തന്റെ വളർത്തുനായയെ ഓമനിക്കുന്ന തൃഷയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കാണാമായിരുന്നു. ക്രിസ്‌മസ് ദിനത്തിലാണ് സോറോയുടെ വിയോഗമെന്നാണ് തൃഷ പങ്കുവച്ച വിവരം. സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ പങ്കുവച്ചിട്ടുണ്ട്. പുഷ്‌പങ്ങളും മെഴുകുതിരികളും പൂമാലകളും അവിടെയുണ്ട്.'എന്റെ മകൻ സോറോ ഈ ക്രിസ്‌മസ് ദിനത്തിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. ഇനി എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. കുറച്ച് കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേളയെടുക്കുന്നു. ' - തൃഷ കുറിച്ചു.തൃഷയെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റ് ബോക്‌സിൽ നിരവധിപേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. നടി കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ളവരും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.
What's Your Reaction?