സിക്കാഡയിൽ സിക്കാഡ ഉണ്ട് കേട്ടോ! മുഖ്യ കഥാപാത്രങ്ങളായ പാമ്പിനും പോത്തിനും പുറമേ വേറെയും സസ്പെൻസുകൾ

Aug 10, 2024 - 17:09
 0  1
സിക്കാഡയിൽ സിക്കാഡ ഉണ്ട് കേട്ടോ! മുഖ്യ കഥാപാത്രങ്ങളായ പാമ്പിനും പോത്തിനും പുറമേ വേറെയും സസ്പെൻസുകൾ

സിനിമയുടെ റിലീസിന് തൊട്ടു മുൻപായി ഇറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളിൽ പാമ്പും കാട്ടുപോത്തുമൊക്കെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന രീതി മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ല. ഇത്തരം പ്രത്യേകതകൾ കൊണ്ട് റിലീസിന് മുൻപേ പ്രേക്ഷകർ ചർച്ച ആക്കിയ സിനിമയായിരുന്നു ശ്രീജിത്ത് ഇടവന സംവിധാനം ചെയ്ത സിക്കാഡ.

ഇറച്ചി പറിച്ചെടുക്കാൻ കാത്തിരിക്കുന്ന വേട്ട മൃഗങ്ങൾക്കും മനുഷ്യർ കയറാൻ പേടിക്കുന്ന കൊടുംകാടിനും അധിപനായി വാഴുന്ന കൂറ്റന്റെ കോട്ടയിലേക്ക് സർവ്വ ഗർവ്വുമായി ചെല്ലുന്ന നായക കഥാപാത്രവും തുടർന്ന് നടക്കുന്ന സംഭവബഹുലമായ യാത്രയുമാണ് സിക്കാഡ. സിനിമ ക്യാമറകൾ മുൻപെങ്ങും കാണിച്ചിട്ടില്ലാത്ത കാടിന്റെ ദൃശ്യ ഭംഗിയും ഭീകരതയും സ്ക്രീനിൽ എത്തിക്കുന്നതിലും പ്രതീക്ഷിക്കാത്ത സസ്പെൻസും നൽകി പ്രേക്ഷകരെ സിനിമയിലേക്ക് ഉൾക്കൊളുത്തി വയ്ക്കുന്നതിലും സംവിധായകനും അണിയറ പ്രവർത്തകർക്കും പത്തിൽ പത്താണ് മാർക്ക്.

കാടിന്റെ ശബ്ദത്തിനു പോലും ഒരേസമയം മനുഷ്യരെ പേടിപ്പിക്കാനും ശാന്തരാക്കുവാനുമുള്ള കഴിവുണ്ട്. ഇത് തനിമ ചോരാതെ പ്രേക്ഷകനിൽ എത്തിക്കാൻ ഹിറ്റ് ഓഡിയോഗ്രാഫർ ഫസൽ എ ബക്കറിന് സാധിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ തിളക്കിയെടുത്ത ഫസലിന്റെ കഴിവും സിനിമകൾ ഇതുവരെയും അധികം എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഉൾകാടിന്റെ പ്രത്യേകതകൾ കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ സിക്കാഡ തിയേറ്ററുകളിൽ വേറിട്ട ശബ്ദ- ദൃശ്യാനുഭവമാവുകയായിരുന്നു.

മിഥ്യയും യാഥാർത്ഥ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കാട്ടിലൂടെയുള്ള നായകന്റെ യാത്രയിൽ പിടികിട്ടാത്ത പലതും പ്രേക്ഷകനായി സംവിധായകൻ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്ററുകളിലും ട്രെയിലറുകളിലും പ്രത്യക്ഷപ്പെടാത്ത പലരും പലതും സിനിമയിൽ പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ എത്തുന്നുണ്ട്.

പതിയെ ഉള്ളിലേക്ക് ഇറങ്ങി പിന്നെ പിന്നെ കലുഷിതമായി മാറുന്ന ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം. ത്രില്ലും ട്വിസ്റ്റും സസ്പെൻസും ഒക്കെ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ സംവിധായകൻ ബുദ്ധിപൂർവ്വം ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകനെ കഥയിൽ എൻഗേജ്ഡ് ആക്കി ത്രില്ലടിപ്പിച്ചും ഇടയ്ക്ക് ട്വിസ്റ്റുകൾ ഇട്ട് ത്രസിപ്പിച്ചും ആസ്വാദനത്തിന്റെ ഉയരങ്ങളിൽ എത്തിച്ച് കഥാന്ത്യത്തിലെ അപ്രതീക്ഷിത സസ്പെൻസിൽ എത്തിക്കുന്നതാണ് സിക്കാഡയുടെ പോക്ക്.

എന്തായാലും തിയേറ്ററിൽ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സർവൈവൽ ത്രില്ലർ ചിത്രമാണ് സിക്കാഡ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് ആദ്യദിവസം കൊടുത്ത ഹൗസ് ഫുൾ സപ്പോർട്ട് വരുംദിവസങ്ങളിലും ബോക്സ് ഓഫീസിൽ പ്രതിഫലിക്കും എന്നാണ് സിനിമ നിരൂപകരുടെ വിലയിരുത്തൽ

What's Your Reaction?

like

dislike

love

funny

angry

sad

wow