'അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ'; ജെന്‍സന്റെ വേര്‍പാടില്‍ അനുശോചിച്ച് ഫഹദ് ഫാസിൽ

Sep 12, 2024 - 15:52
 0  1
'അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ'; ജെന്‍സന്റെ വേര്‍പാടില്‍ അനുശോചിച്ച് ഫഹദ് ഫാസിൽ

വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച ജെൻസന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. 'അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ' എന്ന അടിക്കുറിപ്പോടെയാണ്‌ ഫഹദ് ഫാസിൽ ജെൻസന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെയുള്ള ഉറ്റവര്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്‍സണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന്‍ ദമ്പതികളുടെ മകനാണ് ജെന്‍സന്‍. ജെന്‍സന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow