ഇത്രയും വലിയ സംവിധായകനോട് അങ്ങനെ പറയുമോ? ആ നടന്റെ അവസരം ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല: ജയം രവി

Sep 23, 2024 - 14:30
 0  1
ഇത്രയും വലിയ സംവിധായകനോട് അങ്ങനെ പറയുമോ? ആ നടന്റെ അവസരം ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല: ജയം രവി

മണിരത്നം സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. ചിത്രത്തിൽ നിന്ന് നടൻ ചിമ്പുവിനെ ഒഴിവാക്കിയതിന് കാരണം താനാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ജയം രവി. താനും ചിമ്പുവും നല്ല സുഹൃത്തുക്കളാണ്. ഈ അഭ്യൂഹം പുറത്തുവന്നപ്പോൾ താൻ ചിമ്പുവുമായി സംസാരിച്ചിരുന്നു. തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ അത് രസകരമായിരിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞെന്നും ജയം രവി പറഞ്ഞു. തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും, ഈ അഭ്യൂഹം എങ്ങനെ ആരംഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭിമുഖത്തിൽ ജയം രവി പറഞ്ഞു.

'21 വർഷമായി മണിരത്‌നം സാറിനൊപ്പം പ്രവർത്തിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു, പൊന്നിയിൻ സെൽവനിൽ അവസരം ലഭിച്ചപ്പോൾ, ഞാൻ അനുഗ്രഹീതനായി ആയി ആണ് തോന്നിയത്. മണിരത്നം സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ, ഞാൻ അത്തരം എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതിലുപരി ഇത്രയും വലിയ സംവിധായകൻ ഞാൻ പറയുന്നത് കേൾക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?', ജയം രവി പറഞ്ഞു.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ഈ ചിത്രമൊരുക്കിയത്. അരുൾമൊഴി വർമൻ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ജയം രവി അവതരിപ്പിച്ചത്. 500 കോടിയായിരുന്നു സിനിമയുടെ ബജറ്റ്. 1000 കോടിയോളമാണ് രണ്ട് ഭാഗങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എ ആര്‍ റഹ്‌മാനാണ് സംഗീതം.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow