പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ദേശീയ ദുരന്തമായ് പ്രഖ്യാപിക്കുമോ?

Aug 10, 2024 - 14:13
 0  1
പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍; ദേശീയ ദുരന്തമായ് പ്രഖ്യാപിക്കുമോ?

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.25 നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു സ്വീകരിക്കും. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും.

മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഇരുവരും ഒന്നിച്ച് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം.

ദുരിതാശ്വാസ ക്യാംപുകളില്‍ അടക്കം സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയോട് വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടേക്കും. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow