മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?

Aug 10, 2024 - 16:07
 0  1
മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമോ? പൊട്ടിയാൽ കേരള ഭൂപടത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? തുടങ്ങിയ ആശങ്കകൾക്കൊക്കെ കാലങ്ങളുടെ പഴക്കമുണ്ട്. അപ്രതീക്ഷിതമായ ഒരു ദുരന്തം സംഭവിക്കുന്നതിലും എത്രയോ നല്ലതല്ലേ വലിയ ആശങ്കകൾക്കടിസ്ഥാനമായ ഡാം പുനർ നിർമ്മിക്കുന്നത് എന്നാണ് ദുരന്തബാധിതരാവാൻ പോകുന്ന ജനങ്ങളുടെ ചോദ്യം.

ഒരു ദുരന്തം എത്രമാത്രം വലിയ ദുരവസ്ഥകളിലേക്ക് മനുഷ്യരെ കൊണ്ടുനടത്തുമെന്ന് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തോടെ നാം കണ്ടതാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തം ആ നാടിനു മാത്രമല്ല മൊത്തം കേരള സമൂഹത്തിനും ചുറ്റും നിന്ന മറ്റു സമൂഹങ്ങൾക്കും വരുത്തിയ മാനസികാഘാതവും ഞെട്ടലും അത്ര വലുതായിരുന്നു. പൂർണ്ണമായും ആ മരവിപ്പ് പലർക്കും ഇതുവരെ വിട്ടു മാറിയിട്ടുമില്ല. ഈ അവസരത്തിൽ മുല്ലപ്പെരിയാർ ഡാം തകർച്ച പോലെ മറ്റൊരാഘാതത്തെ ആളുകൾ ഭയക്കുന്നതിൽ ആർക്കും തെറ്റ് പറയാൻ ആവില്ല.കേരളത്തിനു മുന്നിൽ ആശങ്കയായി കാലങ്ങളായി നിലനിൽക്കുന്ന മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം എന്നുള്ളത് പെട്ടെന്ന് മുളച്ചൊരു ആവശ്യവുമല്ല. ഭയമില്ലാതെ ജീവിക്കാനുള്ള കാലങ്ങളായുള്ള ഒരു കൂട്ടം ജനതയുടെ അവകാശങ്ങളുടെ ശബ്ദം കൂടിയാണത്.

മുല്ലപ്പെരിയാർ ഉണ്ടായ ചരിത്രം പരിശോധിക്കാം:1810 ല്‍ അന്നത്തെ മദിരാസി പ്രവിശ്യയില്‍പ്പെട്ട മഥുര ദിണ്ഡുക്കല്‍ ഡിവിഷനുകളില്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം അനേകം പേര്‍ മരിക്കാനിടയായി. പ്രശ്നം ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായതോടെ പരിഹാരമായി കല്പിച്ചു കിട്ടിയ നിര്‍ദേശം വൈഗ നദിയിലെ ഒഴുക്ക് വര്‍ദ്ധിപ്പിച്ച് ആ മേഖലയിലെ കൃഷി മെച്ചപ്പെടുത്തുക എന്നതാണ്. 1837 ല്‍ മദിരാസി സംസ്ഥാനത്തെ തേനി, മഥുര, ദിണ്ഡുക്കല്‍, രാമനാഥപുരം പ്രദേശങ്ങളില്‍ വീണ്ടും ക്ഷാമം ഉണ്ടായി. ഇതോടെ ഭാവിയില്‍ ക്ഷാമം ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് കമ്പനി അതിനുള്ള പരിപാടികള്‍ ആരംഭിച്ചു.

എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ വറ്റിവരണ്ട് കിടക്കുന്ന വൈഗ നദിയെ എങ്ങനെ ചാര്‍ജ് ചെയ്യുമെന്നതായിരുന്നു അവരുടെ ആദ്യത്തെ കടമ്പ.ആ സമയത്ത് തിരുവിതാംകൂറില്‍ പെരിയാര്‍ നദി നിറഞ്ഞ് വെള്ളത്തോടെ ഒഴുകുകയാണ്. പെരിയാര്‍ നദിയിലെ വെള്ളം അറബിക്കടലിലേക്ക് ഒഴുകി പാഴാകുകയാണല്ലോ എന്ന ചര്‍ച്ചയും ഉണ്ടായി. ആ വെള്ളം എങ്ങനെയെങ്കിലും വൈഗ നദിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ പകുതി പ്രശ്‌നം ഇല്ലാതാകുമെന്ന ചര്‍ച്ചകളും സജീവമായി. തമിഴ്‌നാട്ടിലെ രാമനാട് മുത്തുരാമ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന ഉദിരുപിള്ളയാണ് ഇങ്ങനെയൊരു ആശയം ആദ്യം മുന്നോട്ട് വെച്ചതെന്നാണ് ചരിത്രം പറയുന്നത്.

129 വര്‍ഷം പഴക്കമുള്ള, ചുണ്ണാമ്പ് മിശ്രിതം ചേര്‍ത്ത് നിര്‍മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. എന്നാല്‍ വര്‍ത്തമാന കാലത്തില്‍ ഒരേ സമയം തമിഴ്നാടിന് കുടിവെള്ളവും കേരളത്തിന് മുകളില്‍ ജലബോംബുമായും മുല്ലപ്പെരിയാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. പരമാവധി 60 വര്‍ഷം ആയുര്‍ദൈര്‍ഘ്യം പറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന് പാട്ടക്കരാറായി കൊടുത്തത് 999 വര്‍ഷത്തേക്കാണ്. അതൊക്കെ പിന്നിട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഏതു നിമിഷവും എന്തും പ്രതീക്ഷിക്കാം എന്ന് പറയുന്നത് പൊയ് വാക്കല്ല. മുല്ലപ്പെരിയാര്‍ ഡാമിന് അപകടം സംഭവിച്ചാല്‍ കേരളത്തിന് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം.

ഇടുക്കി അണക്കെട്ടിന്റെ വരെ തകര്‍ച്ചയ്ക്ക് ഇത് കാരണമായേക്കാം. മുല്ലപ്പെരിയാര്‍ ഏതെങ്കിലും തരത്തില്‍ തകര്‍ച്ചയിലേക്ക് പോയാല്‍ വെള്ളവും കല്ലും ചെളിയും അടക്കം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി അണക്കെട്ടിലേക്ക് കുതിച്ചൊഴുകും. ഏതാണ്ട് 45 മിനിട്ടില്‍ വെള്ളം ഇടുക്കി ഡാമിലെത്തുമെന്നാണ് പറയുന്നത്. താങ്ങാനാകാത്ത വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നതോടെ ഡാം തകര്‍ച്ചയിലേക്ക് പോകാം. ഇടുക്കി തകര്‍ന്നാല്‍ അതിന് താഴെയുള്ള ചെറുതും വലുതുമായ 11 അണക്കെട്ടുകള്‍ക്കും നാശം സംഭവിക്കാം. ഡാം പൊട്ടിയുണ്ടാകുന്ന വെള്ളം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിലേക്കാണ് ഒഴുകിയെത്തുക. ഇത് വന്‍ നാശത്തിന് വഴിവെക്കുമെന്നുറപ്പാണ്.

തമിഴ്‌നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കത്തക്കവിധം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകത്തില്‍ തന്നെ നിലവില്‍ ഉയരം കൂടിയതും ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ ഡാം. പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതില്‍ ഏറ്റവും അധികം എതിര്‍പ്പ് തമിഴ്‌നാടിനാണ്. പല കാര്യങ്ങളിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ഇടയില്‍ വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാമിന്റെ കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ മാറി മാറി വരുന്ന കേരള സര്‍ക്കാരിന് എന്തുകൊണ്ട് ആകുന്നില്ല എന്നത് വര്ഷങ്ങള്ക്കായി ഉയരുന്ന ചോദ്യമാണ് . ഇതിൽ വ്യക്തമായ ഒരുത്തരമെങ്കിലും സർക്കാർ തരേണ്ടതുണ്ട് .

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow