'നമ്മളൊരുമിച്ച് ഇതും അതിജീവിക്കും'; ചെറുതെന്നോ വലുതെന്നോ ഇല്ലാതെ പറ്റുന്ന ധനസഹായം ചെയ്യണം: ആസിഫ് അലി

Aug 2, 2024 - 19:01
 0  0
'നമ്മളൊരുമിച്ച് ഇതും അതിജീവിക്കും'; ചെറുതെന്നോ വലുതെന്നോ ഇല്ലാതെ പറ്റുന്ന ധനസഹായം ചെയ്യണം: ആസിഫ് അലി

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായവുമായി നടൻ ആസിഫ് അലിയും. നമ്മളൊരുമിച്ച് ഇതും അതിജീവിക്കുമെന്നാണ് ആസിഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വിവരവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, തുക നടൻ വെളിപ്പെടുത്തിയിട്ടില്ല.

'വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതും നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരേയും ചേർത്തുനിർത്തിക്കൊണ്ടുള്ള പ്രവർത്തനവുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. നമ്മളൊരുമിച്ച് ഇതും അതിജീവിക്കും'- ആസിഫ് പറയുന്നു.

ആസിഫിന്റെ പോസ്റ്റുകൾക്ക് നന്ദിയും സ്നേഹവുമറിയിച്ച് എത്തിയവരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസുമുണ്ട്. നമ്മൾ അതിജീവിക്കും എന്നാണ് ആസിഫ് അലിയുടെ വീഡിയോക്ക് മന്ത്രിയുടെ കമന്റ്.

വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷവും ഫഹദ് ഫാസിൽ- നസ്രിയ ദമ്പതികൾ ചേർന്ന് 25 ലക്ഷവും കൈമാറി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിന് വയനാട്ടിലേക്ക് വാഹനങ്ങൾ അയക്കുകയും ചെയ്തിരുന്നു.

തമിഴ് സിനിമാ താരങ്ങളായ സൂര്യ, കാർത്തി, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയാണ് ദുരിതാശ്വാസത്തിനായി നൽകിയത്. വിക്രം കഴിഞ്ഞ ദിവസം 20 ലക്ഷം ​കൈമാറിയിരുന്നു. നടി രശ്മിക മന്ദാന 10 ലക്ഷവും നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow