അഭിനയിക്കാൻ വന്നവരെയെല്ലാം ടെക്നീഷ്യൻമാരാക്കിയ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സിക്കാഡ സംവിധായകൻ

Aug 1, 2024 - 21:39
 0  2
അഭിനയിക്കാൻ വന്നവരെയെല്ലാം ടെക്നീഷ്യൻമാരാക്കിയ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സിക്കാഡ സംവിധായകൻ

 മഞ്ഞുമ്മൽ ബോയ്സിനും ആടുജീവിതത്തിനും ശേഷം മലയാളത്തിൽ സംഭവിക്കാനിരിക്കുന്ന അടുത്ത സർവ്വൈവർ ത്രില്ലർ ഹിറ്റ് ചിത്രം എന്ന് പ്രേക്ഷകർ  പ്രവചിച്ചിരിക്കുന്ന സിക്കാഡയുടെ സംവിധായകൻ ഇടവനയുടെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗണം പോലെ തന്നെ സംവിധായകൻ എന്ന നിലയിൽ  തുടക്കക്കാരനായ തന്റേയും സിനിമയുടെ ഭാഗമായ മുഴുവൻ പേരുടെയും സർവൈവലിന്റെ സ്റ്റോറി കൂടിയാണ് സിക്കാഡ.

 സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ശ്രമം ആയതുകൊണ്ട് തന്നെ വെല്ലുവിളികൾ കുറച്ചൊന്നുമല്ലായിരുന്നു. ചുരുക്കം ചിലർ ഒഴിച്ചാൽ സിനിമയിലെ ഭൂരിഭാഗം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും തുടക്കക്കാരാണ്. ചിത്രത്തിന്റെ ഭൂരിഭാഗം ഷോട്ടുകളും ചിത്രീകരിച്ചിരിക്കുന്നത് കാടുകളിൽ ആയതുകൊണ്ട് തന്നെ ദുർഘടമായ പല സാഹചര്യങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 

 കാടുകൾ എന്നു പറഞ്ഞാൽ വെറും കാടുകളല്ല, സിനിമയുടെ നിഗൂഢതയ്ക്കിണങ്ങുന്ന ഉൾവനങ്ങളിലായിരുന്നു ഷൂട്ട് അത്രയും നടന്നത്. അതായത് പ്രധാന പാതയിൽ നിന്നും ഏതാണ്ട് രണ്ടര കിലോമീറ്റർ കാടിനുള്ളിലേക്ക് കാൽനടയായി കയറണം. ഉൾ കാടുകളിൽ വാഹനം എത്തിക്കാൻ സാധിക്കാത്തതുകൊണ്ടുതന്നെ ഷൂട്ടിംഗിന് ആവശ്യമായ സകല വസ്തുക്കളും കാൽനടയായി ചുമന്ന് ലക്ഷ്യസ്ഥാനം വരെ എത്തിക്കണം. 

 ഇത്തരത്തിൽ ഭക്ഷ്യ വസ്തുക്കളും ലൈറ്റും ക്യാമറയും മറ്റ് സാങ്കേതിക വസ്തുക്കളുമൊക്കെ എത്തിക്കാൻ സംവിധായകൻ എന്നോ നായികാ-നായകനെന്നോ പ്രധാന കഥാപാത്രങ്ങളെന്നോ തിരിവില്ലാതെ സകലരും ഒന്നിച്ചുൽസാഹിക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ വന്നവർ പാടിയ കഥയും ശബ്ദ മിശ്രണം ചെയ്യാൻ വന്നവർ അഭിനയിച്ച കഥയുമെല്ലാം സിക്കാഡയ്ക്കിപ്പോൾ പറയാൻ ഉണ്ട്. 

ഒരു സിനിമ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും കലയായി സത്യത്തിൽ മാറുകയായിരുന്നു. പലരും പലതും പുതുതായി പഠിച്ചു.  ജയിസ് ജോസ് തന്റെ സീനിയോരിറ്റി പോലും മറന്ന് സെറ്റിലെ അംഗങ്ങൾക്ക് ഭക്ഷണം വെച്ച് നൽകിയെന്നും, കുക്കിംഗ് പരീക്ഷണങ്ങളുടെ ഇടയിൽ സമയം കിട്ടുമ്പോഴായിരുന്നു അദ്ദേഹം വന്ന് സീൻ അഭിനയിച്ചിരുന്നതെന്നും തമാശയിൽ പൊതിഞ്ഞ് ശ്രീജിത്ത് അനുഭവം പറയുന്നു.

അതേസമയം മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്ത് 9നാണ്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംഗീത സംവിധായകൻ കൂടിയായ സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.  

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. 

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

What's Your Reaction?

like

dislike

love

funny

angry

sad

wow