ആടുജീവിതത്തിലെ ഗാനങ്ങൾ പരിഗണിക്കാതെ പോയതിൽ വിഷമം; ജൂറിയെ എതിര്‍ക്കുകയല്ല, വിഷമമുണ്ടാക്കി എന്ന് പറഞ്ഞെന്ന് മാത്രം ബ്ലെസി

Aug 16, 2024 - 17:44
 0  2
ആടുജീവിതത്തിലെ ഗാനങ്ങൾ പരിഗണിക്കാതെ പോയതിൽ വിഷമം; ജൂറിയെ എതിര്‍ക്കുകയല്ല, വിഷമമുണ്ടാക്കി എന്ന് പറഞ്ഞെന്ന് മാത്രം ബ്ലെസി

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ വലിയ നേട്ടം വാരിക്കൂട്ടിയ സിനിമയാണ് ആടുജീവിതം.  മികച്ച സംവിധായകൻ ഉൾപ്പെടെ എട്ടു പുരസ്കാരങ്ങളാണ് ചിത്രം നേടിയെടുത്തത്. ചിത്രത്തിന്റെ നേട്ടത്തിൽ നന്ദി രേഖപ്പെടുത്തിയും ചിത്രത്തിലെ സംഗീതത്തെ പരിഗണിക്കാത്തതിൽ  വിഷമം പങ്കുവെച്ചും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി.

'സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമെന്ന നിലയില്‍ അവാര്‍ഡ് വളരെ സന്തോഷം നല്‍കുന്നതാണ്. പ്രത്യേകിച്ച് ആടുജീവിതത്തിന് പ്രധാന അവാർഡുകളിൽ 9-ഓളം പുരസ്‌കാരം ലഭിക്കുന്നു. ഇത് മൂന്നാം തവണയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് എനിക്ക് ലഭിക്കുന്നത്. അതിനു മുമ്പ് നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. എട്ടു സിനിമകള്‍ ചെയ്തിട്ട് നാലു തവണ പുരസ്‌കാരം ലഭിച്ചു എന്നത് ഏറെ സന്തോഷകരമാണ്. ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു എന്നതാണ്. ഗോകുൽ ആ ചിത്രത്തിനായെടുത്ത കഠിനാധ്വാനം വളരെ വലുതാണ്. എന്നാൽ സിനിമയിലെ പാട്ടുകള്‍ പരിഗണിക്കാതെ പോയതില്‍ ഖേദമുണ്ട്. ആ സിനിമയെ മനോഹരമാക്കിയതില്‍ ഗാനങ്ങളും പശ്ചാത്തലസംഗീതവും വലിയ പങ്ക് വഹിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനത്തെ എതിര്‍ക്കുകയല്ല അത് വിഷമമുണ്ടാക്കി എന്ന് പറഞ്ഞുവെന്ന് മാത്രം.

പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുക എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ആടുജീവിതം അത്രയേറെ വായിക്കപ്പെട്ട നോവലാണ്. അപ്പോൾ 43 അധ്യായങ്ങളിലുള്ള, വായനക്കാരൻ്റെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ആ നോവലിനെ തിരക്കഥയാക്കുക എന്നതായിരുന്നു ഈ സിനിമയുടെ മേക്കിങ്ങില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ചെറിയ മാറ്റങ്ങൾ വരുത്തി, പുതിയ സ്വീകൻസുകൾ കൂട്ടിച്ചേർത്തു, അതിനെ പ്രേക്ഷകരും ജൂറിയും അംഗീകരിച്ചു. ആ അവാര്‍ഡിനെ മാനിക്കുന്നു.'ബ്ലെസി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow