അർജുനായുള്ള തിരച്ചിൽ പാതിവഴിയിലായോ? കോടതിയിൽ ഒന്നും വിട്ടു പറയാതെ കർണാടക സർക്കാർ

Aug 21, 2024 - 19:23
 0  2
അർജുനായുള്ള തിരച്ചിൽ പാതിവഴിയിലായോ? കോടതിയിൽ ഒന്നും വിട്ടു പറയാതെ കർണാടക സർക്കാർ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ല. കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളില്ല. സർക്കാർ അഭിഭാഷകൻ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും കോടതിയിൽ നൽകിയില്ല. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുൻ്റെ കുടുംബത്തിന് കോടതി അനുമതി നൽകി. ദുരന്തത്തിനിരയായവരുടെ പുനരധിവാസം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു . മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ കോടതിക്ക് വാക്കാൽ ഉറപ്പു നൽകി. സെപ്റ്റംബർ 18ന് കർണാടക ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തിയ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദൗത്യം വൈകാതെ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അര്‍ജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow