സിനിമാ കോണ്‍ക്ലേവ് ഉടന്‍ ഉണ്ടായേക്കില്ല; തീയതിയില്‍ മാറ്റം വരുത്താന്‍ ആലോചന

Sep 8, 2024 - 17:01
 0  2
സിനിമാ കോണ്‍ക്ലേവ് ഉടന്‍ ഉണ്ടായേക്കില്ല; തീയതിയില്‍ മാറ്റം വരുത്താന്‍ ആലോചന

നവംബറിൽ കൊച്ചിയിൽ നടത്താൻ നിശ്ചയിച്ച സിനിമാ കോൺക്ലേവ് നീട്ടുന്നത് പരിഗണനയിലാണെന്ന് സിനിമ നയരൂപവത്കരണസമിതി ചെയർമാൻ ഷാജി എൻ. കരുൺ. സർക്കാരിനെ ഇക്കാര്യം അറിയിച്ചു.
സർക്കാരുമായി ആലോചിച്ചേ അന്തിമതീരുമാനമെടുക്കൂ. നവംബറിൽ കേരളീയവും ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമുള്ളതിനാലാണ് മാറ്റം ആലോചിക്കുന്നതെന്ന് ഷാജി എൻ. കരുൺ പറഞ്ഞു.

സിനിമാരംഗത്തെ എല്ലാ സംഘടനയുമായും ചർച്ചചെയ്ത് വിവരം ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും ഡിസ്ട്രിബ്യൂഷൻ അസോസിയേഷനുമായും സമിതി ശനിയാഴ്ച ചർച്ച നടത്തി. ചർച്ചകളിൽനിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ എല്ലാവരുമായും ചർച്ച നടത്തും. സമഗ്ര സിനിമാ നയം രൂപവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മാറണമെന്നും പ്രേംകുമാർ പറഞ്ഞു.

സമിതി അംഗങ്ങളായ ബി. ഉണ്ണികൃഷ്ണൻ, നിഖില വിമൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, സാംസ്കാരികക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ്, വൈസ് പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, ജോ.സെക്രട്ടറി സന്ദീപ് സേനൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ എം.എം. ഹംസ, എവർഷൈൻ മണി, നിർമാതാക്കളായ സാന്ദ്രാ തോമസ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി, ഫിലിംചേംബർ ഐ.സി. മോണിറ്ററിങ് കമ്മറ്റിയംഗം റാണി ശരൺ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow